ഒക്ടോബർ ഒന്ന് മുതൽ വിമാനങ്ങളിൽ പവർ ബാങ്കുകൾ നിരോധിക്കാനൊരുങ്ങി എമിറേറ്റ്‌സ്...

ഒക്ടോബർ ഒന്ന് മുതൽ വിമാനങ്ങളിൽ പവർ ബാങ്കുകൾ നിരോധിക്കാനൊരുങ്ങി ലോകത്തിലെ തന്നെ മുൻനിര എയർലൈൻ കമ്പനിയായ എമിറേറ്റ്‌സ്. പവർ ബാങ്കുകൾ കൈയിൽ കരുതുന്നതിനും വിമാനത്തിനുള്ളിൽ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തുമെന്ന് എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എമിറേറ്റ്‌സ് വിമാനത്തിലെ എല്ലാ സീറ്റുകളിലും ഇൻ സീറ്റ് ചാർജിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ദീർഘദൂര യാത്ര ചെയ്യുന്നവർ സ്വന്തം ഇലക്ട്രോണിക് ഡിവൈസുകൾ പൂർണമായും ചാർജ് ചെയ്ത ശേഷം യാത്ര ആരംഭിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
സ്മാർട്ട് ഫോൺ, ടാബ്‌ലെറ്റുകൾ, ക്യാമറകൾ തുടങ്ങിയവയ്‌ക്കൊപ്പം പവർ ബാക്ക്അപ്പിനായി യാത്രക്കാർ പവർ ബാങ്കുകൾ കൈയിൽ കരുതാറുണ്ടായിരുന്നു. ഇതിനാണ് വിലക്ക് ഏർപ്പെടുത്തുന്നത്.
വിമാന യാത്രക്കാർക്ക് അവരുടെ ക്യാബിൻ ബാഗിൽ പവർ ബാങ്ക് കരുതാൻ എയർലൈൻസുകൾ അനുവദിക്കാറുണ്ട്. എന്നാൽ, വിമാന യാത്രയിൽ അത് ഉപയോഗിക്കുന്നതിന് ചില എയർലൈൻസുകൾ നിയന്ത്രണം ഏർപ്പെടുത്താറുമുണ്ട്.
ചെക്ക് ഇൻ ബാഗേജിൽ പവർ ബാങ്ക് സൂക്ഷിക്കാനായി അനുവാദം നൽകിയിട്ടില്ല. ലിഥിയം ബാറ്ററികളുടെ അപകടസാധ്യതകൾ പരിഗണിച്ചാണ് ഇപ്പോൾ പവർ ബാങ്ക് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ലിഥിയം അയേൺ ബാറ്ററിയും ലിഥിയം പോളിമെർ ബാറ്ററിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുകൾക്ക് കേടുപാട് സംഭവിക്കുകയോ ഓവർ ചാർജ് ആകുകയോ ചെയ്താൽ തീപിടിത്തത്തിന് കാരണമാകുമെന്നാണ് വിമാനക്കമ്പനിയുടെ വാദം. യാത്രക്കാരുടെ സൗകര്യത്തിന് ഇൻ സീറ്റ് ചാർജിങ് സംവിധാനം നൽകുന്നതിനൊപ്പം അപകട സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും എയർലൈൻസ്.
"
https://www.facebook.com/Malayalivartha
























