പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പൊതുപ്രവർത്തകനും സാമുഹ്യ സംഘാടകനുമായിരുന്ന വി.ഡി. മജീന്ദ്രൻ അന്തരിച്ചു

എറണാകുളത്തെ പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പൊതുപ്രവർത്തകനും സാമുഹ്യ സംഘാടകനുമായിരുന്ന വി.ഡി. മജീന്ദ്രൻ (56) അന്തരിച്ചു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യമുണ്ടായത്. കീഴാള രാഷ്ട്രീയത്തിൻ്റെ കൊച്ചിയിലെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം.
വളരെ ചെറിയ പ്രായത്തിൽ തന്നെ പൊതുപ്രവർത്തനവും സാമൂഹ്യ സേവനവും ആരംഭിച്ച മജീന്ദ്രൻ, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എൻ. വേണുഗോപാലൻ്റെ പേഴ്സണൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് കീഴാള രാഷ്ട്രീയത്തിൻ്റെ വിവിധ തലങ്ങളിൽ സജീവമായി.
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും കുറച്ചുനാൾ പ്രവർത്തിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകയായ മേധാപട്കറിൻ്റെ കേരളത്തിലെ പ്രധാന സംഘാടകനായിരുന്നു.
സി.കെ. ജാനു എൻ.ഡി.എ. മുന്നണിയിൽ ചേരുന്നത് വരെ അവരുമായി അടുത്ത ബന്ധം പുലർത്തുകയും ആദിവാസി പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. കൊച്ചിയിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ച നല്ലൊരു സംഘാടകനെയാണ് വി.ഡി. മജീന്ദ്രൻ്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്.
"
https://www.facebook.com/Malayalivartha






















