അത്ഭുതരക്ഷ... വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് അമ്മയും ഏഴുവയസ്സുകാരനും തെറിച്ചുവീണത് സമീപത്തെ കിണറ്റിലേക്ക്...

വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് അമ്മയും ഏഴുവയസ്സുകാരനും തെറിച്ചുവീണത് സമീപത്തെ കിണറ്റിലേക്ക്. സമീപവാസികളുടെ ഇടപെടലിൽ ഇരുവരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കോക്കാട് മഠത്തിൽ വടക്കേതിൽ അഞ്ജു(32)വും മകൻ ശ്രേയസുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകുന്നേരം നാലോടെ കോട്ടവട്ടം വട്ടപ്പാറ പള്ളിക്കു സമീപത്തായിരുന്നു അപകടം സംഭവിച്ചത്. മകനോടൊത്ത് ഭർതൃവീട്ടിലേക്കു പോവുകയായിരുന്നു അഞ്ജു. ഇടറോഡിലൂടെ സ്കൂട്ടർ ഓടിച്ചുവരവേ എതിരേവന്ന മറ്റൊരു വാഹനത്തിന് സൈഡ്കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഞ്ജുവും മകനും വഴിക്കുതാഴെയുള്ള കിണറ്റിലേക്കാണ് വീണത്.
സ്കൂട്ടർ കിണറിന്റെ ആൾമറയിലിടിച്ചു നിന്നു. സ്കൂട്ടർ വീണ് കിണറിന്റെ ഇരു തൂണുകളും പാളവും തകർന്നു. തൂണുകളുടെ ഭാഗങ്ങൾ കിണറ്റിൽ വീഴാതിരുന്നതും രക്ഷയായി. ആഴം കുറവുള്ള കിണറ്റിൽ അകപ്പെട്ട അഞ്ജുവിനെയും മകനെയും സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും ചേർന്ന് കരയ്ക്കുകയറ്റി.
ഉടൻതന്നെ ഇരുവരെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പത്തനാപുരം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. റോഡിന് പാർശ്വഭിത്തി ഇല്ലാത്തതും അപകടത്തിനു കാരണമായെന്ന് നാട്ടുകാർ ആരോപിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















