കാണാതായ യുവതിയും പെണ്‍മക്കളും തമിഴ്‌നാട്ടില്‍; ഭാര്യയെയും മക്കളെയും കാണാതായതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു

രണ്ടര മാസത്തിന് മുമ്പ് തിരുവല്ലയില്‍ നിന്ന് കാണാതായ വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (എട്ട്), അല്‍ക്ക (ആറ്) എന്നിവരെയാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 17 മുതലാണ് മൂവരെയും കാണാതായത്.
മൂവരുടെയും ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പൊലീസ് പരസ്യപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ അമ്മയും മക്കളുമുണ്ടെന്ന സന്ദേശം ലഭിച്ചത്. റീനയയെും മക്കളെയും കാണാതായതിന് പിന്നാലെ ഭര്‍ത്താവ് അനീഷ് മാത്യു ജീവനൊടുക്കിയിരുന്നു. ഭാര്യയുടെയും മക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അനീഷിനെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. തിരോധാനക്കേസുമായി ബന്ധപ്പെട്ട് പുളിക്കീഴ് പൊലീസ് അനീഷിനെ ചോദ്യം ചെയ്യലിനായി പലതവണ സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു.
എന്നാല്‍ റീനയുടെയും മക്കളുടെയും തിരോധാനത്തില്‍ ഒരുപാട് സംശയങ്ങളുണ്ടെന്നും അക്കാര്യം അനീഷിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം. ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്നു അനീഷ്. റീനയും അനീഷും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. കോടതി വരെയെത്തിയ തര്‍ക്കം ബന്ധുക്കള്‍ ഇടപെട്ടാണ് പിന്നീട് പരിഹരിച്ചത്.
https://www.facebook.com/Malayalivartha