ഭിന്നശേഷിക്കാരെയാണ് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളിലൂടെ പി.പി ചിത്തരഞ്ജന്‍ അപമാനിച്ചത്; ഇത്രയും വാച്ച് ആന്‍ഡ് വാര്‍ഡിനെ വിന്യസിച്ചാണ് സഭ നടത്തിക്കൊണ്ടു പോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

മന്ത്രി വാസവന്‍ രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം നടത്തുന്ന സമരം നിയമസഭയില്‍ ഇന്നും തുടര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . സമാധാനപരമായിരുന്നു പ്രതിപക്ഷം സമരം. എം. വിന്‍സെന്റിനെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞുവച്ച് ശ്വാസ തടസമുണ്ടാകുന്ന സംഭവമുണ്ടായി. സനീഷ് കുമാര്‍ ജോസഫിന് മുറിവേറ്റു. ഇത്രയും വാച്ച് ആന്‍ഡ് വാര്‍ഡിനെ വിന്യസിച്ചാണ് സഭ നടത്തിക്കൊണ്ടു പോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്.
സമരം നടക്കുമ്പോള്‍ മന്ത്രിമാരും ചില എം.എല്‍.എമാരും നടത്തിയ സഭ്യേതര പരാമര്‍ശങ്ങള്‍ സ്പീക്കര്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ ഗാലറിയില്‍ ഇരിക്കുന്ന കുട്ടികള്‍ ഇതൊക്കെ കാണില്ലേ, എന്ത് ജനാധിപത്യമാണെന്ന് ചോദിച്ച സ്പീക്കറാണ് ഇന്ന് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ കേട്ടിരുന്നത്. ഭിന്നശേഷിക്കാരെയാണ് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളിലൂടെ പി.പി ചിത്തരഞ്ജന്‍ അപമാനിച്ചത്. രണ്ടു കയ്യും ഇല്ലാത്ത ആളുകളുടെ വേണ്ടാത്തിടത്ത് ഉറമ്പ് കയറിയാല്‍ എന്ത് ചെയ്യുമെന്നതു പോലെയാണെന്ന നിലവാരം കുറഞ്ഞ പരാമര്‍ശം നടത്തി. മന്ത്രി ഗണേഷ് കുമാര്‍ വ്യക്തി വിരോധം തീര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി ഐ.എന്‍.ടി.യു.സി തൊഴിലാളി യൂണിയന്‍ പ്രസിഡന്റായ എം. വിന്‍സെന്റിനെ കുറിച്ച് തെറ്റായ പരാമര്‍ശം നടത്തി. ഇതെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. എല്ലാത്തിനും സ്പീക്കര്‍ കുടപിടിച്ചു കൊടുത്തു.
സഭാ ചരിത്രത്തില്‍ എല്ലാ മുന്നണികളും സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ പുതുതായി വന്ന ചില മന്ത്രിമാര്‍ ഇതൊക്കെ ആദ്യമായി നടക്കുന്നെന്ന രീതിയിലാണ് സംസാരിക്കുന്നത്. മന്ത്രിമാരായ രാജേഷും രാജീവും തുടരത്തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് നടത്തുന്നത്. അത് ജനാധിപത്യവിരുദ്ധമാണ്. സഭ നന്നായി നടത്തിക്കൊണ്ടു പോകാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് പാര്‍ലമെന്ററി കാര്യ മന്ത്രിയുടെ പ്രാഥമിക ചുമതല.
എന്നാല്‍ മന്ത്രി രാജേഷ് ചെയ്യുന്നത് നിയമസഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ്. ഒരു പാര്‍ലമെന്ററി കാര്യ മന്ത്രിയും ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. അതുതന്നെയാണ് നിയമമന്ത്രിയും ചെയ്യുന്നത്. ഇന്നലെ മുഖ്യമന്ത്രിയാണ് പ്രകോപനമുണ്ടാക്കിയതെങ്കില്‍ ഇന്ന് ഈ മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളുമാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഇതുകൊണ്ടൊന്നും ഞങ്ങള്‍ തോറ്റുമടങ്ങില്ല.
ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചത്. എന്നെ രാഷ്ട്രീയ വനവാസത്തിന് അയയ്ക്കാന്‍ എന്തൊരു ഇന്‍ട്രസ്റ്റാണ്. അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കട്ട് മോഷ്ടിച്ച് കോടീശ്വരന് വിറ്റതല്ല കുഴപ്പം. അതു ചൂണ്ടിക്കാണിച്ചതാണ് കുഴപ്പം. ചൂണ്ടിക്കാണിച്ച ഞങ്ങള്‍ വനവാസത്തിന് പോകണം. എന്തൊരു തമാശയാണ് കേരളത്തില്‍ നടക്കുന്നത്. 2019-ലാണ് എല്ലാ കുഴപ്പങ്ങളും നടന്നതെന്നാണ് മന്ത്രി വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പറഞ്ഞത്. 2019ല്‍ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റപ്പോള്‍ ദേവസ്വം മന്ത്രിയായിരുന്ന ആളാണ് കടകംപള്ളി സുരേന്ദ്രന്‍.
അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പങ്കുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായും അടുത്ത ബന്ധമാണ് കടകംപള്ളിക്കുള്ളത്. എവിടെയാണ് ദ്വാരപാലക ശില്‍പം വിറ്റതെന്നും കടകംപള്ളി സുരേന്ദ്രന് അറിയാം. അതുകൊണ്ടാണ് കോടീശ്വരന്റെ പേര് വെളിപ്പെടുത്തണമെന്ന് കടകംപള്ളിയോട് ആവശ്യപ്പെട്ടത്. ദ്വാരപാലക ശില്‍പം വിറ്റത് ഉള്‍പ്പെടെ എല്ലാം അറിയാമായിരുന്ന ഇപ്പോഴത്തെ മന്ത്രിയും ദേവസ്വം ബോര്‍ഡും ഈ വര്‍ഷം വീണ്ടും കക്കാനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ക്ഷണിച്ചു വരുത്തിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha