താമരശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം:സനൂപ് ആശുപത്രിയില്‍ എത്തിയത് കുട്ടികളോടൊപ്പം; ഡോക്ടറെ ആക്രമിക്കാന്‍ ഉപയോഗിച്ച കൊടുവാള്‍ കൊണ്ടുവന്നത് കുട്ടികളുടെ സ്‌കൂള്‍ ബാഗില്‍

താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് താമരശേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും അസിസന്റ് സര്‍ജനുമായ ഡോ. പിടി വിപിന്റെ (35) തലയ്ക്ക് മാരകമായി വെട്ടേറ്റത്. മക്കളെ പുറത്ത് നിര്‍ത്തിയ ശേഷമാണ് പ്രതി സനൂപ് ഡോക്ടറുടെ മുറിയിലേക്ക് കയറുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. കുട്ടികളുടെ സ്‌കൂള്‍ ബാഗ് വാങ്ങി കയ്യില്‍ വച്ചതിന് ശേഷം അതിനുള്ളിലാണ് ഇയാള്‍ ആയുധം വച്ചത്.
ആക്രമിക്കാന്‍ കൊണ്ടുവന്ന കൊടുവാളിന്റെ പിടിഭാഗം ബാഗിന് പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഡോക്ടറെ വെട്ടിയതിന് പിന്നാലെ തന്നെ അവിടെയുള്ളവര്‍ ഓടിക്കൂടി സനൂപിനെ ബലമായി പിടികൂടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ തലയില്‍ കൈപൊത്തിപ്പിടിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗില്‍ ഒളിപ്പിച്ച കൊടുവാളുമായി സനൂപ് വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗില്‍ നിന്ന് രോഗിയുടെ ലാബ് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഇറങ്ങി വന്നതായിരുന്നു ഡോ.വിപിന്‍. സൂപ്രണ്ടിന്റെ ഓഫീസില്‍ കയറിയാണ് ലാബ് റിപ്പോര്‍ട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കൂര്‍ത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ടര്‍തന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവര്‍ ഓടിയെത്തി കീഴടക്കുകയായിരുന്നു.
മസ്തിഷ്‌ക ജ്വരം ബാധിച്ച ഒന്‍പത് വയസുള്ള തന്റെ മകള്‍ മരിച്ചത് ഡോക്ടര്‍മാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയില്‍ പിതാവായ സനൂപ് ആക്രമിക്കുകയായിരുന്നു. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്.
https://www.facebook.com/Malayalivartha