ചികിത്സ വൈകിയതിനാല്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന് യുവാവ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മുളങ്കുന്നത്തുകാവ് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ യുവാവ് ചികിത്സ വൈകിയതിനാല്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന് യുവാവ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആംബുലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നതില്‍ കാലതാമസമുണ്ടായതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറും പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജരും സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി ഗീത ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് ചികിത്സ വൈകിയതിനാല്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചത്. ഹൈദരാബാദില്‍ നിന്നും ചാലക്കുടിയിലേക്ക് ഓഖ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ശ്രീജിത്ത്. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ടി.ടി.ഇയെ വിവരം അറിയിച്ചെങ്കിലും തൃശൂരില്‍ മാത്രം നിര്‍ത്താന്‍ കഴിയുകയുള്ളുവെന്ന് പറഞ്ഞു. ഇതിനിടയില്‍ ശ്രീജിത്ത് അബോധാവസ്ഥയിലായി.
തുര്‍ന്ന് ട്രെയിന്‍ മുളങ്കുന്നത്തുകാവില്‍ നിര്‍ത്തി. നെഞ്ചുവേദനയുമായി യുവാവ് എത്തുന്ന വിവരം റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും വീല്‍ചെയര്‍ പോലും ഒരുക്കിയില്ല. സഹയാത്രികര്‍ ചുമന്നാണ് യുവാവിനെ ട്രെയിനില്‍ നിന്നും ഇറക്കിയത്. യുവാവ് 25 മിനിറ്റ് പ്ലാറ്റ്‌ഫോമില്‍ കിടന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ബഹളമുണ്ടാക്കി. ട്രെയിനില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ പ്ലാറ്റ്‌ഫോമിലെത്തി സി.പി.ആര്‍. നല്‍കിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ആംബുലന്‍സെത്തുന്നതിന് 3 മിനിറ്റ് മുമ്പ് വരെ യുവാവിന് പള്‍സ് ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 15 മിനിറ്റ് മുമ്പെങ്കിലും ആംബുലന്‍സ് കിട്ടിയിരുന്നെങ്കില്‍ യുവാവിനെ രക്ഷിക്കാമായിരുന്നുവെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ദൃശ്യമാദ്ധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.
https://www.facebook.com/Malayalivartha