പാല്‍ ഉത്പാദനക്ഷമതയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് സാധിക്കും: മന്ത്രി ജെ. ചിഞ്ചുറാണി...

പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും പാല്‍ ഉത്പാദനക്ഷമതയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് സാധിക്കുമെന്നും മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പാല്‍ ഉത്പാദനക്ഷമതയില്‍ കേരളം ഇപ്പോള്‍ രണ്ടാമതാണെന്നും ഒന്നാമതുള്ള പഞ്ചാബിനൊപ്പമെത്താന്‍ കേരളത്തിനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണ വര്‍ഷത്താടനുബന്ധിച്ച് ദേശീയ ക്ഷീരവികസന ബോര്‍ഡും മില്‍മയും സംയുക്തമായി 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന വിഷയത്തില്‍ സംസ്ഥാനതല ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്ഥലസൗകര്യത്തിലെ കുറവ് കൊണ്ടാണ് കേരളത്തിന് കാലിത്തീറ്റ ഉത്പാദനത്തില്‍ മുന്നേറാന്‍ സാധിക്കാത്തതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തീറ്റപ്പുല്ല് കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ക്ഷീരകര്‍ഷകരില്‍ എത്തിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയ ഇ സമൃദ്ധ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ പദ്ധതികള്‍ സംസ്ഥാനത്തെ ക്ഷീരമേഖലയ്ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്.
ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ പാല്‍വില നല്‍കുന്നത് കേരളം ആണെങ്കിലും ഉത്പാദന ചെലവ് കൂടുതലുള്ള സംസ്ഥാനവും നമ്മുടേതാണ്. പാല്‍ ഉത്പാദന ചെലവ് കുറയ്ക്കാനുള്ള പദ്ധതികളിലൂടെയും, ഉത്പാദന ക്ഷമത വര്‍ധിപ്പിച്ചും സ്വയംപര്യാപ്തത കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്.
സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച കൈവരിക്കുകയാണ് ക്ഷീരമേഖലയുടെ ലക്ഷ്യം. ഇതിനായി ഉത്പാദനക്ഷമത കൂട്ടുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും വേണം. ആഗോളതലത്തിലെ മികച്ച മാതൃകകള്‍ പകര്‍ത്തുകയും നൂതന സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ നമ്മുടെ ക്ഷീരമേഖലയ്ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സഹകരണ പ്രസ്ഥാനങ്ങള്‍ സാമൂഹിക സാമ്പത്തിക വികാസത്തിനായുള്ള ഉപാധി മാത്രമല്ല സമത്വത്തിന്‍റെയും സാമൂഹിക നീതിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതിഫലനം കൂടിയാണെന്ന് സഹകരണ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ സന്ദേശത്തില്‍ പറഞ്ഞു. കേരളം സഹകരണ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമാണ്. ഇവയുടെ സ്വാധീനം ജീവിതത്തിന്‍റെ എല്ലാ തുറകളെയും ശക്തിപ്പെടുത്തുന്നു. കേരളത്തില്‍ മില്‍മയുടെ സഹകരണ മാതൃക ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം മാറ്റിമറിച്ച ക്ഷീരവിപ്ലവമായി മാറി. സഹകരണ മേഖലയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനും സഹകരണ പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം ഉറപ്പാക്കുന്നതിലും ഈ സെമിനാര്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാക്കുന്നതിലും സ്വയംപര്യാപ്തമാക്കുന്നതിലും ക്ഷീര മേഖലയിലെ എട്ട് കോടി കര്‍ഷകര്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് സി ഷാ പറഞ്ഞു. ക്ഷീര സഹകരണ സംഘങ്ങളെ കൂടുതല്‍ ശക്തമാക്കുക, കൂടുതല്‍ കര്‍ഷകരെ സംഘങ്ങളുടെ പരിധിയില്‍ ചേര്‍ക്കുക എന്നിവയിലൂടെ രാജ്യം ധവള വിപ്ലവം -2 ന് തയ്യാറാണ്. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ സഹകരണ സംഘങ്ങള്‍ വഴിയുള്ള പ്രതിദിന പാല്‍ സംഭരണം 10 കോടി ലിറ്ററാക്കാനും ഇത് ലക്ഷ്യമിടുന്നു. പാലിലും പാലുല്‍പ്പന്നങ്ങളിലും മായം ചേര്‍ക്കല്‍ പോലുള്ള വെല്ലുവിളികളെക്കുറിച്ച് കര്‍ഷകരെ ബോധവാന്‍ മാരാക്കണമെന്ന് എന്‍ഡിഡിബി ചെയര്‍മാന്‍ ആഹ്വാനം ചെയ്തു. കൂടാതെ ഏകദേശം 32-35 ശതമാനം വരുന്ന സംഘടിത പാല്‍ വിപണിയുടെ വിഹിതം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
'ക്ഷീരകര്‍ഷകരുടെ സമ്പല്‍സമൃദ്ധിക്കായി ക്ഷീരസഹകരണ മേഖലയെ ശാക്തീകരിക്കുന്നതിലും സുസ്ഥിരമായി വളര്‍ത്തിയെടുക്കുന്നതിനുമുള്ള മില്‍മയുടെ പങ്ക്' എന്ന വിഷയത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി സംസാരിച്ചു.
2024-25 ല്‍ മില്‍മയുടെ മൊത്തം വിറ്റുവരവ് 4327.24 കോടി രൂപയായിരുന്നുവെന്നും ഇത് 2030 ആകുമ്പോഴേക്കും 15 ശതമാനം പ്രതിവര്‍ഷ വര്‍ധനവിലൂടെ 10,052 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് ലക്ഷ്യമിടുന്നതെന്ന് കെ.എസ് മണി പറഞ്ഞു. ക്ഷീര സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സംഘങ്ങള്‍ ഗുണനിലവാരവും ഉല്‍പ്പാദനക്ഷമതയും ഉറപ്പാക്കുന്നതിനൊപ്പം പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ക്രൂയിസ് കപ്പലുകളിലും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. എറണാകുളം മേഖലാ യൂണിയന്‍ കൊച്ചിയിലെ 25 മെട്രോ സ്റ്റേഷനുകളില്‍ മില്‍മയുടെ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും മില്‍മയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി സ്വാഗതം പറഞ്ഞു. മില്‍മ എം.ഡി ആസിഫ് കെ യൂസഫ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മില്‍മ തിരുവനന്തപുരം യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള, എന്‍ഡിഡിബി എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. രാജീവ്, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം ചാക്കോ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. എന്‍ഡിഡിബി സീനിയര്‍ ജനറല്‍ മാനേജര്‍ വി.ശ്രീധര്‍ നന്ദി പറഞ്ഞു.
മില്‍മ ഭരണസമിതി അംഗങ്ങളായ കെ.ആര്‍ മോഹനന്‍ പിള്ള, ബീന പി.വി, ജോണ്‍സണ്‍ കെ.കെ, താര ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ പി., നാരായണന്‍ പി.പി, കോരന്‍ കെ എന്നിവര്‍ സംബന്ധിച്ചു
ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങില്‍ കേരളത്തിലെ ധവള വിപ്ലവത്തിന് നേതൃത്വം വഹിച്ച സഹകരണ പ്രസ്ഥാനങ്ങളെ ആദരിച്ചു. മികച്ച ക്ഷീരകര്‍ഷകര്‍ക്കും കൃത്രിമ ബീജാധാന പ്രവര്‍ത്തകര്‍ക്കും ക്ഷീരസഹകരണ സംഘങ്ങള്‍ക്കുമുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു.
മലബാര്‍ മേഖലയിലെ പരിശയ്ക്കല്‍ ആണ് മികച്ച ക്ഷീര സഹകരണ സംഘം. മാനീട് (എറണാകുളം മേഖല) രണ്ടാം സ്ഥാനവും ഉച്ചക്കട (തിരുവനന്തപുരം മേഖല) മൂന്നാം സ്ഥാനവും നേടി. സജു ജെ.എസ് (തിരുവനന്തപുരം മേഖല) മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്കാരം നേടി. ജിന്‍സ് കുര്യന്‍ (എറണാകുളം മേഖല) രണ്ടും പ്രിയ കെ (മലബാര്‍ മേഖല) മൂന്നും സ്ഥാനത്ത് എത്തി. കൃത്രിമ ബീജാധാന പ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരങ്ങളില്‍ ജോസഫ് ഇ.ജെ (മലബാര്‍ മേഖല), റോയ് സ്കറിയ (എറണാകുളം മേഖല), രാജീവ് ജി (തിരുവനന്തപുരം മേഖല) എന്നിവര്‍ പുരസ്കാരം നേടി.
മില്‍മ, ക്ഷീരവികസന വകുപ്പ്, നബാര്‍ഡ്, കേരള ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്), എന്‍എസ് സഹകരണ ആശുപത്രി തുടങ്ങിയ സഹകരണ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സെമിനാറിലെ ചര്‍ച്ചകള്‍ നയിച്ചു.
https://www.facebook.com/Malayalivartha