ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും; ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; തുലാവർഷം പതിവ് തെറ്റിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ പെയ്യുന്നു

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിലും ന്യൂനമർദ്ദമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും അടുത്ത മണിക്കൂറുകളിൽ രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്നവരും നിർദേശമനുസരിച്ച് മാറണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്.
കേരളത്തിൽ തുലാവർഷമെന്നറിയപ്പെടുന്ന വടക്കുകിഴക്കൻ കാലവർഷത്തിൽ മഴ പെയ്യുന്നത് ഇക്കുറി പതിവ് രീതിയിലിലല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്. സാധാരണ ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയുണ്ടാകുന്ന തുലാവർഷം ഇത്തവണ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പെയ്യുകയാണ്. വടക്കൻ ജില്ലകളിലും മദ്ധ്യ ജില്ലകളിലുമാണ് കൂടുതൽ മഴ ലഭിക്കുന്നത്. ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും മഴ കാരണം കനത്ത നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദമാണ് മഴയുടെ രീതിയിലുണ്ടായ വ്യതിയാനത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ലഭിച്ചുക്കൊണ്ടിരിക്കുന്ന പടിഞ്ഞാറാൻ മഴ വരും ദിവസങ്ങളിലും തുടരും.മിക്കയിടങ്ങളിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.
https://www.facebook.com/Malayalivartha



























