ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ പതിനഞ്ചുകാരൻ ട്രെയിൻ തട്ടി മരിച്ചു

ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ പതിനഞ്ചു വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച ജനക്‌ദേവ്പുർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം നടന്നത്. മംഗലഘട്ട് സ്വദേശിയായ വിശ്വജീത് സാഹു (15) ആണ് മരിച്ചത്.
അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിഡിയോ ചിത്രീകരിക്കുന്നതിനായാണ് വിശ്വജീത് ട്രാക്കിന് സമീപത്ത് എത്തിയത്. ട്രെയിൻ വരുന്ന ദൃശ്യം ഫോണിൽ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ട്രെയിൻ വരുന്നത് കണ്ടെങ്കിലും വിശ്വജീത് റീൽസ് എടുക്കുന്നത് തുടരുകയായിരുന്നു. അതിവേഗത്തിൽ വന്ന ട്രെയിൻ കുട്ടിയെ ഇടിച്ചിടുകയായിരുന്നു.
പൊലീസ് സംഭവ സ്ഥലം പരിശോധിച്ചപ്പോൾ ഫോൺ കണ്ടുകിട്ടി. അവസാനമായി യുവാവ് എടുത്ത വിഡിയോയിൽ ട്രെയിൻ വരുമ്പോഴേക്ക് ഫോൺ കൈയ്യിൽ നിന്ന് തെറിച്ച് പോകുന്നതായി കാണാനാകും. തുടർന്നുള്ള പരിശോധനയിൽ ട്രാക്കിന് സമീപത്തേക്ക് തെറിച്ച് വീണ വിശ്വജിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























