ബെല്ലാരിയിലെ ജുവലറിയില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണം കോടതിയില്‍ ഉടന്‍ ഹാജരാക്കും; ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കവര്‍ന്ന സ്വര്‍ണമാണോ ഇതെന്ന് ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ

ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍. 500 ഗ്രാമിലേറെ ഭാരം വരുന്ന സ്വര്‍ണക്കട്ടികളാണ് കസ്റ്റഡിയിലെടുത്തത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊളളയില്‍ പങ്കില്ലെന്നും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ടെന്നും ഗോവര്‍ദ്ധന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നാണ് ഗോവര്‍ദ്ധന്‍ പറഞ്ഞത്. ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കവര്‍ന്ന സ്വര്‍ണമാണോ ഇതെന്ന് ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ.
അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തും വ്യാപാരിയുമായ ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക സംഘം ബംഗളൂരുവില്‍ തെളിവെടുപ്പ് തുടരുകയാണ്. ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം ഗോവര്‍ദ്ധന് വിറ്റെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ബെല്ലാരിയിലേക്ക് പുറപ്പെട്ടത്.
അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഒരു മാസമായി റൊദ്ദം ജുവലറി അടഞ്ഞു കിടക്കുകയായിരുന്നു. ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ വീട്ടിലെത്തിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.
ഇന്ന് രാവിലെ പത്തുമണിയോടെ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരു ശ്രീറാം പുരത്തെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇവിടെ തെളിവെടുപ്പിനെത്തിച്ചിരുന്നില്ല. ബംഗളൂരുവിലെ ഹോട്ടലിലാണ് താമസിപ്പിച്ചത്. ശ്രീറാംപുരം അമ്പലത്തിലും തെളിവെടുപ്പ് നടത്തുമെന്നാണ് അന്വേഷണ സംഘം പുറത്തുവിടുന്ന വിവരം. കര്‍ണാടക പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടില്‍ നിന്നും സ്വര്‍ണ നാണയങ്ങളും രണ്ട് ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























