28കാരിയായ ഡോക്ടർ തൂങ്ങിമരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... വനിതാ ഡോക്ടർ എഴുതിയ 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പുറത്ത്..

മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ 28കാരിയായ ഡോക്ടർ തൂങ്ങിമരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരു ഡോക്ടറാണ് ഇപ്പോൾ തൻ അനുഭവിച്ച ശാരീരിക മാനസിക ക്രൂരതകൾ ലോകത്തോട് വിളിച്ചു പറഞ്ഞ് ആത്‍മഹത്യ ചെയ്തിരിക്കുന്നത്.പൊലീസ് ഉദ്യോഗസ്ഥന്‍ നാലു തവണ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത വനിതാ ഡോക്ടർ എഴുതിയ 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പുറത്ത്. പൊലീസ് കേസുകളിലെ പ്രതികൾക്ക് വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ താൻ നിർബന്ധിതയായെന്നും,
അതിനു വിസമ്മതിച്ചപ്പോൾ ഉപദ്രവിക്കപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല, ഒരു കേസിൽ എംപിയും പഴ്സനൽ അസിസ്റ്റന്റുമാരും സമ്മർദം ചെലുത്തിയതായും കുറിപ്പിലുണ്ട്. സർട്ടിഫിക്കറ്റിനായി പ്രതികളെ നേരിട്ടു ഹാജരാക്കിയിരുന്നില്ല. ഇതു ചോദ്യം ചെയ്തപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്. രണ്ടു തവണ പൊലീസിൽ പരാതി നൽകിയെന്നും നടപടി ഉണ്ടായില്ലെന്നും ബന്ധു ആരോപിച്ചു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സത്താറയിൽ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 28 വയസ്സുള്ള ഡോക്ടറെ വ്യാഴാഴ്ച രാത്രിയാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ് എഴുതിയാണ് വനിതാ ഡോക്ടർ ജീവനൊടുക്കിയത്. പിന്നീടാണ് 4 പേജുള്ള കുറിപ്പ് മുറിയിൽനിന്ന് കണ്ടെടുത്തത്. സത്താറ എസ്ഐ ഗോപാൽ ബദാനെ നാലു തവണ വിവിധ സ്ഥലങ്ങളിൽ പീഡിപ്പിച്ചെന്നും സഹായിയായ സോഫ്റ്റ്‌വെയർ എൻജിനീയർ പ്രശാന്ത് ബൻകർ മാനസികമായി പീഡിപ്പിച്ചെന്നുമാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇരുവർക്കുമെതിരെ ജൂൺ 19ന് പൊലീസ് ഡപ്യൂട്ടി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. സംഭവം വിവാദമായതോടെ ഗോപാൽ ബൻദാനയെ സസ്പെൻഡ് ചെയ്ത്. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യ കുറിപ്പിലുള്ള ആരോപണങ്ങളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. വിഷയത്തിൽ മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്രങ്കർ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സതാര പോലീസിന് നിർദ്ദേശം നൽകി. കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിച്ചതായുമായാണ് ലഭിക്കുന്ന വിവരം. സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനെയ്ക്കെതിരെയും പ്രശാന്ത് ബാങ്കർ എന്നയാൾക്കെതിരെയും ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തിട്ടുണ്ട്. പ്രതിയായ സബ് ഇൻസ്പെക്ടറെ അടിയന്തരമായി സസ്പെൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























