പുല്ലൂരാംപാറിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ശിവന്‍കുട്ടി ദേവനന്ദയെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ 24.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2017ല്‍ ആന്‍സി സോജന്‍ സ്ഥാപിച്ച 25.13 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ഈ പ്ലസ് ടു വിദ്യാര്‍ത്ഥിനി തിരുത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
അഭിനന്ദനങ്ങള്‍ ദേവനന്ദ..
റെക്കോര്‍ഡ് വേഗത്തിനൊപ്പം സ്‌നേഹവീടും..
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതിയ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ദേവനന്ദ വി ബിജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ 24.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് ദേവനന്ദ അഭിമാനമായത്. 100 മീറ്ററിലും ദേവനന്ദ സ്വര്‍ണ്ണം നേടി.
അപ്പെന്റിസൈറ്റിസ് രോഗം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദ്ദേശിച്ചിട്ടും, അത് മാറ്റിവെച്ചാണ് ദേവനന്ദ ട്രാക്കിലിറങ്ങിയത്. ഹീറ്റ്‌സിന് ശേഷം ആശുപത്രിയില്‍ പോയി ഫൈനലിന് മടങ്ങിയെത്തിയാണ് ദേവനന്ദ ഈ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്.
ബാര്‍ബറായ അച്ഛന്‍ ബിജുവിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയുടെയും മകളായ ദേവനന്ദയുടെ സാമ്പത്തിക സാഹചര്യം താരത്തെ നേരില്‍ കണ്ടപ്പോള്‍ മനസിലായി. സ്വന്തമായി ഭൂമിയുണ്ടെങ്കിലും നല്ലൊരു വീടില്ലാത്ത ദേവനന്ദയുടെ അവസ്ഥ മനസ്സിലാക്കിയപ്പോള്‍ കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ കുട്ടിക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന ദേവനന്ദയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
https://www.facebook.com/Malayalivartha

























