ഐടിഐ കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ ഐടിഐകളില്‍ നിന്നും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുന്‍വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷകരായി തുടരുന്ന പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ നല്‍കുന്നതിനുള്ള ബൃഹത് കര്‍മ്മപരിപാടിക്ക് രൂപം നല്‍കിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തൊഴില്‍ വകുപ്പും വിജ്ഞാനകേരളം (കെഡിസ്‌ക്) പരിപാടിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഏതാണ്ട് ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ഐടിഐ യോഗ്യതയുള്ളവര്‍ക്കായി ഒരുക്കുന്നത്.
രണ്ടു രീതികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി, ആവശ്യമായ നൈപുണി പരിശീലനം നല്‍കി തൊഴില്‍ മേളകളിലൂടെ നിയമനം നല്‍കുന്നതാണ് ഒരു മാര്‍ഗ്ഗം. രണ്ടാമത്തേത്, 'റിക്രൂട്ട്, ട്രെയിന്‍ & ഡിപ്ലോയ്' (ആര്‍.റ്റി.ഡി) എന്ന നൂതന മാതൃകയാണ്. ഇതിലൂടെ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ ആദ്യം റിക്രൂട്ട് ചെയ്യുകയും തുടര്‍ന്ന് ആറുമാസം വരെ ഐടിഐകളിലോ മറ്റ് തൊഴില്‍ പരിശീലന കേന്ദ്രങ്ങളിലോ പരിശീലനം നല്‍കി സ്ഥിരപ്പെടുത്തുകയും ചെയ്യും.
വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി മാത്രം, ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കായി 75,000ത്തോളം തൊഴിലവസരങ്ങള്‍ കെഡിസ്‌കിന്റെ നേതൃത്വത്തില്‍ സമാഹരിച്ചിട്ടുണ്ട്. 15,000 രൂപയ്ക്ക് മുകളില്‍ പ്രതിമാസ ശമ്പളം ലഭിക്കുന്നവയാണ് ഈ ജോലികളെല്ലാം. ഇതിനുപുറമെ, ഐടിഐകള്‍ക്ക് വിവിധ കമ്പനികളുമായുള്ള ദീര്‍ഘകാല റിക്രൂട്ട്‌മെന്റ് ബന്ധങ്ങള്‍ വഴിയുള്ള അവസരങ്ങള്‍ കൂടി ചേരുമ്പോള്‍ ആകെ തൊഴിലവസരങ്ങള്‍ ഒരു ലക്ഷം കവിയും. വിദ്യാര്‍ത്ഥികളുടെ അഭിരുചി പരിഗണിച്ച് അവര്‍ക്ക് വേണ്ടുന്ന തൊഴിലുകള്‍ തെരഞ്ഞെടുക്കാം. ഓരോ ജോലിക്കും വേണ്ട പ്രത്യേക നൈപുണി പരിശീലന പരിപാടിക്ക് ഐടിഐകളിലെ അധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച് കെഡിസ്‌ക് രൂപം നല്‍കും. നിലവില്‍ മികച്ച പ്ലേസ്‌മെന്റ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ രീതി തുടരുന്നതിനും തടസ്സമുണ്ടാകില്ല.
തൊഴിലന്വേഷകരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായി, 2025 നവംബര്‍ 1 മുതല്‍ 7 വരെയുള്ള തീയതികളില്‍ അവര്‍ പഠിച്ച ഐടിഐകളില്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തും. എല്ലാ ഐടിഐകളിലും ഇതിനായി പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിക്കും. നവംബര്‍ 7 മുതല്‍ 15 വരെ ഈ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ കൗണ്‍സലിംഗും സ്‌കില്‍ അസസ്‌മെന്റും നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാതല മാപ്പിംഗ് നടത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട നോഡല്‍ കേന്ദ്രങ്ങളില്‍ നവംബര്‍ 20 മുതല്‍ 2030 പേരടങ്ങുന്ന ബാച്ചുകളായി നൈപുണി പരിശീലനം ആരംഭിക്കും. ഡിസംബര്‍ പകുതിയോടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക തൊഴില്‍മേളകളും സംഘടിപ്പിക്കും.
സര്‍ക്കാര്‍ ഐടിഐകള്‍ക്ക് പുറമെ, സ്വകാര്യ മേഖലയിലെ ഐ.ടി.സികളിലെ വിദ്യാര്‍ത്ഥികളെയും പൂര്‍വവിദ്യാര്‍ത്ഥികളെയും ഈ ബൃഹത് പദ്ധതിയുടെ ഭാഗമാക്കും. പഠനം പൂര്‍ത്തിയാക്കി തൊഴിലില്‍ നിന്നും വിട്ടുനില്‍ക്കുന്ന വീട്ടമ്മമാര്‍ക്കും അവസരമുണ്ട്. വീടിനടുത്ത് തൊഴിലെടുക്കാന്‍ താല്പര്യമുള്ളവരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സിഡിഎസുകളില്‍ ആരംഭിക്കുന്ന മള്‍ട്ടി ടാസ്‌ക് സ്‌കില്‍ ടീമുകളുടെ ഭാഗമാക്കി തൊഴില്‍ നല്‍കും. നൈപുണി പരിശീലന പരിപാടികളില്‍ മെന്റര്‍മാരായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധസേവന തല്‍പ്പരരായ വിദഗ്ദ്ധരെ ക്ഷണിക്കുന്നു. ഐടിഐകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മെന്റര്‍മാരായി പ്രവര്‍ത്തിക്കാം. താല്പര്യമുള്ളവര്‍ക്ക് അടുത്തുള്ള ഐടിഐകളിലോ വിജ്ഞാനകേരളം വെബ്‌സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha

























