പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിൽ MLAയ്ക്ക് ഒപ്പം റോഡ് ഉദ്ഘാടനം പരിപാടിയിൽ: ബിജെപിയിൽ വിവാദം പുകയുന്നു: പാർട്ടിനിലപാടിനോട് യോജിക്കാത്ത നടപടിയെന്ന് വിമർശനം...

ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പാലക്കാട് നഗരസഭാ ചെയർപേഴ്സൺ ശനിയാഴ്ച പൊതുപരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബിജെപിക്കുള്ളിൽ വിവാദം പുകയുന്നു. പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങളും യുവജനസംഘടനകളും രാഹുലിനെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് തടയുമെന്നതടക്കമുള്ള പ്രഖ്യാപനവുമായി രംഗത്തുള്ളപ്പോഴാണ് എംഎൽഎയ്ക്കൊപ്പം റോഡിന്റെ ഉദ്ഘാടനച്ചടങ്ങിൽ ബിജെപി നേതാവായ ചെയർപേഴ്സൺ പങ്കെടുത്തത്. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്.
രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് കെഎസ്ആർടിസി ബസ്സിൻ്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎൽഎ പങ്കെടുത്തിരുന്നു.
എന്നാൽ എംഎൽഎയെ തടയുമെന്ന നിലപാടിലായിരുന്നു ബിജെപിയും സിപിഎമ്മും. സംഭവം വാർത്തയാവുകയും സാമൂഹികമാധ്യമങ്ങളിലടക്കം ചർച്ചയാവുകയും ചെയ്തതോടെ പാർട്ടിനിലപാടിനോട് യോജിക്കാത്ത നടപടിയാണ് ചെയർപേഴ്സന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി.
https://www.facebook.com/Malayalivartha























