ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കപ്പെടുന്നത് ലക്ഷ്യം; ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖ ഉണ്ടാകുമെന്ന് മന്ത്രി കെ. രാജൻ

റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാന തല സെമിനാർ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. 2031-ഓടെ പരമ്പരാഗത രേഖകൾ അടിസ്ഥാനമാക്കിയ ഉടമസ്ഥാവകാശത്തിൽ നിന്നും (പ്രിസംപ്റ്റീവ് ടൈറ്റിൽ) സർക്കാർ ഉറപ്പു നൽകുന്ന അന്തിമമായ രേഖയിലേക്ക് ('കൺക്ലൂസീവ് ടൈറ്റിൽ) എത്തുവാനുള്ള ശ്രമകരമായ യാത്രയാണ് റവന്യൂ വകുപ്പ് നടത്തുന്നത് എന്ന് റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. 2031- ഓടെ സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉണ്ടാകണമെന്നതാണ് ലക്ഷ്യം. റവന്യൂ വകുപ്പിനെ സമ്പൂർണ്ണമായി ആധുനികവത്കരിക്കാൻ സർക്കാരിന് കഴിഞ്ഞു. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ നടപടികളാണ് ഇക്കാര്യത്തിൽ കേരളത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.
"എല്ലാവർക്കും ഭൂമി" എന്ന മനോഹരമായ സോഷ്യലിസ്റ്റ് ആശയം ലക്ഷ്യം വയ്ക്കുമ്പോൾ ഏതൊക്കെ രീതിയിൽ അത് നടപ്പിലാക്കാം, അതിനുള്ള മാർഗ്ഗങ്ങൾ എന്തായിരിക്കണം എന്നതുകൂടി ചർച്ചയിലൂടെ കണ്ടെത്താൻ റവന്യൂ വകുപ്പിനായി. നാലുവർഷക്കാലം കൊണ്ട് രണ്ടര ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കപ്പെടുന്നത് വരെ ഈ നടപടികൾ തുടരും.
"എല്ലാ ഭൂമിക്കും രേഖ" എന്ന സ്വപ്നതുല്യമായ ആശയം നടപ്പിലാക്കുന്നതിനാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിച്ചത്. ആധുനിക സർവ്വെ ഉപകരണങ്ങൾ ഉപയോഗിച്ച് 2023-ൽ ആരംഭിച്ച സർവേ രണ്ടു വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ നാലിലൊന്ന് ഏകദേശം അളന്നു കഴിഞ്ഞു.
ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖ ഉണ്ടാവും. എല്ലാവിധത്തിലുള്ള സർവേകളും പൂർത്തിയാക്കി രേഖകൾ അടയാളപ്പെടുത്തി ചിത്രം കൃത്യമാക്കും. ഓരോ തുണ്ട് ഭൂമിക്കും തർക്കമില്ലാത്ത സർട്ടിഫിക്കറ്റ് നൽകാനാവുക എന്നതാണ് ലക്ഷ്യം. ഭൂമി തർക്കം പൂർണ്ണമായും ഇല്ലാതാക്കണം.
ദീർഘകാലമായി പ്രമാണ പ്രകാരമുള്ള ഭൂമിയോടൊപ്പം ചേർന്ന് കൈവശകാരൻ അനുഭവിച്ചുവരുന്ന അധികഭൂമി ക്രമീകരിക്കുന്ന സെറ്റിൽമെന്റ് ആക്ട് നിയമസഭാ പാസാക്കി കഴിഞ്ഞു. ഏറ്റവും കൃത്യമായ ഭൂരേഖകളും അതോടൊപ്പമുള്ള ഭൂമി സംബന്ധമായ വിവരങ്ങളും കേരളത്തിന്റെ ഭാവി വികസനത്തിന് ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.
കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക വളർച്ചയ്ക്ക് ഏറ്റവും അധികം ഉപയോഗിക്കാൻ കഴിയുന്ന ആധികാരിക രേഖകൾ ആവും ഡിജിറ്റൽ സർവേ റെക്കോർഡുകൾ. ഭൂമി ഏറ്റെടുക്കൽ, വിതരണം, ഭൂ സംരക്ഷണം, നെൽ വയലുകളുടെ സംരക്ഷണം, പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമികളുടെ സംരക്ഷണം, വന ഭൂമി സംരക്ഷണം തുടങ്ങി എല്ലാ മേഖലയിലും ഇത് പ്രയോജനപ്പെടുത്തും.
സർക്കാർ ഉടമസ്ഥതയിലുള്ള, എന്നാൽ ഉപയോഗിക്കാത്ത ഭൂമി കണ്ടെത്തുന്നതിന് സ്റ്റേറ്റ് ലാൻഡ് ബാങ്ക് രൂപീകരിക്കുന്നത് നല്ലതായിരിക്കും. ഒരു വികസന പ്രവർത്തനം ആരംഭിക്കുമ്പോൾ അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിന് ഇത് ഉപയോഗപ്രദമാകും.
എല്ലാ സേവനങ്ങളും സ്മാർട്ട് എന്നത് ആധുനിക സമൂഹം ആവശ്യപ്പെടുന്ന ആശയമാണ്. ലോകത്തെ ആകെ മാറ്റിമറിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം കേരളത്തിലെ ഭൂ ഉടമകൾക്ക് ലഭ്യമാക്കുന്നതിനുള്ള ക്രിയാത്മക നടപടികൾ സ്വീകരിച്ചു.
റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. എല്ലാ സാക്ഷ്യപത്രങ്ങളും ഓൺലൈനായി വിതരണം ചെയ്യുന്നു. ഒരു കോടി സാക്ഷ്യപത്രങ്ങളാണ് ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന വിതരണം ചെയ്തത്. ഡിജിറ്റൽ സർവേ പൂർത്തിയായി സെക്ഷൻ 13 വിജ്ഞാപനം പുറപ്പെടുവിച്ച വില്ലേജുകളിൽ ആധാര രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ തന്നെ പോക്കുവരവ് നടക്കുന്ന വിധത്തിലുള്ള 'ഓട്ടോ മ്യൂട്ടേഷൻ' നടപ്പിലാകുന്ന രീതിയിൽ ഐ.എൽ.ഐ.എം.എസ്. പോർട്ടൽ നടപ്പിലാക്കി.
റവന്യൂ വകുപ്പ് കഴിഞ്ഞ നാലു വർഷക്കാലം ഏറ്റെടുത്ത "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്ക് രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യം ഇനിയുള്ള അഞ്ചു വർഷക്കാലത്തേക്ക് കൂടി ആസൂത്രണം ചെയ്യുക എന്നതും ലക്ഷ്യമാണ്.
ഉടമസ്ഥത, തരം തുടങ്ങിയ എല്ലാ കാര്യങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കും. നിലവിലെ എല്ലാ ഭൂ വിനിയോഗ നിയമങ്ങളും സംയോജിപ്പിച്ച് ഒരു ഏകീകൃത ഭൂ വിനിയോഗ കോഡ് കൊണ്ടുവരും.
നവംബറോടെ പൂർണ്ണമായ ഡിജിറ്റൽ പ്രോപ്പർട്ടി കാർഡിലേക്ക് മാറണം. ക്യു.ആർ. കോഡ്, ഡിജിറ്റൽ നമ്പർ എന്നിവ ഉപയോഗിച്ച് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു എ.ടി.എം. മാതൃകയിലുള്ള കാർഡിൽ ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha























