തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി

90കളില്‍ നടിയായും സഹനടിയായും മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ടി ടി ഉഷ. താരം തന്റെ അഭിനയ ജീവിതത്തിലെ ദുരനുഭവവും തന്റെ മകന്റെ അഭിനയ ജീവിതത്തിലെ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചും തുറന്ന് പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉഷ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. സംഘടനകളില്‍ ശക്തമായി പ്രതികരിക്കുന്നതുകൊണ്ട് തന്നെയും സീരിയല്‍ നടനായ മകനെയും അഭിനയത്തില്‍ നിന്ന് വെട്ടിമാറ്റുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ചെറിയപ്രായത്തില്‍ കുടുംബത്തില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും നടി വ്യക്തമാക്കി.
'ചെറിയപ്രായത്തിലായിരുന്നു വിവാഹം. അധികം വൈകാതെ തന്നെ രണ്ട് മക്കളുമുണ്ടായി. എന്റെ പതിനെട്ടാം വയസിലാണ് ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ച് മരിച്ചത്. പിന്നെ പോരാടിയാണ് ജീവിച്ചത്. ചെന്നൈയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെത്തിയതോടെയാണ് ചില മാറ്റങ്ങള്‍ സംഭവിച്ചത്. ബ്യൂട്ടിപാര്‍ലറിലെത്തിയ സംവിധായകനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുപോയത്. അന്ന് അഭിനയത്തില്‍ മത്സരമില്ലായിരുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ ജീവിച്ചത്. ഒരാളുപോലും സഹായത്തിനായി വന്നിട്ടില്ല.
ഞാന്‍ പറയുന്ന പല കാര്യങ്ങളും വിവാദത്തിലായിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്. സത്യം തുറന്നുപറഞ്ഞതുകൊണ്ട് പല അവസരങ്ങളും നഷ്ടമായി. എന്റെ മകന്‍ സീരിയല്‍ രംഗത്ത് നല്ല വേഷങ്ങള്‍ ചെയ്തിരുന്നു. നായകനായും വില്ലനായും അഭിനയിച്ചു. എന്നാല്‍ പ്രത്യേക അവസരത്തില്‍ അവനെ അടിവേരോടെ പിഴുതെറിയുകയായിരുന്നു. അങ്ങനെയാണ് അവന്‍ അഭിനയം നിര്‍ത്തിയത്. അഭിനയത്തില്‍ നിന്ന് വെട്ടിമാറ്റിയിരുന്നു. ഇപ്പോള്‍ അവന്‍ കുടുംബവുമായി അയര്‍ലന്‍ഡില്‍ സന്തോഷത്തോടെ ജീവിക്കുന്നു.
ഇപ്പോള്‍ അമ്മയുടെ തിരഞ്ഞെടുപ്പില്‍ വരെ ഞാന്‍ തലമൂടിയാണ് പോകുന്നത്. ഇപ്പോഴുളള പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം കാണുന്നതാണല്ലോ. ആ സമയത്താണ് ഞാന്‍ പണ്ട് അഭിനയിച്ച ചില സീനുകള്‍ വെട്ടിയെടുത്ത് മോശംവിധത്തില്‍ പ്രചരിപ്പിക്കുന്നത്. 90കളിലെ നടിമാര്‍ അഭിനയിച്ചതുപോലെയാണ് ഞാനും അഭിനയിച്ചിരുന്നത്. ഒരുകാലത്ത് വിദേശതാരങ്ങളുടെ അശ്ലീല വീഡിയോകള്‍ക്കൊപ്പമാണ് ചില നടിമാരുടെ തല ചേര്‍ത്ത് സിനിമ പ്രദര്‍ശിപ്പിച്ചിട്ടുളളത്. ഇതൊന്നും മനസിലാക്കാന്‍ കഴിയാത്ത ഒരുകൂട്ടം ആളുകളുണ്ട്. ആ പ്രശ്‌നത്തിന്റെ ഭാഗമായിരുന്നു ഞാന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരുകൂട്ടം ആളുകള്‍ എന്നെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. അത് എനിക്ക് മനസിലായിട്ടുണ്ട്' ഉഷ പറഞ്ഞു.
https://www.facebook.com/Malayalivartha






















