കലാഭവന്‍ മണിയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടും കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യം

നടന്‍ കലാഭവന്‍ മണിയുടെ മരണകാരണമെന്ന് കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന കീടനാശിനിയുടെ സാന്നിധ്യം ആശുപത്രിയിലെ ആദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.
മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൊലീസിന് വിവരം കൈമാറിയത്. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടും കെമിക്കല്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടും തമ്മില്‍ പ്രകടമായ വൈരുധ്യം. രണ്ട് ദിവസത്തിന് ശേഷം നല്‍കിയ ടോക്‌സിക്കോളജി റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വിഷമദ്യത്തിലെ പ്രധാന ഘടകമായ മെഥനോളിന് പുറമെ ബെന്‍സോഡയസപാം, കനാബിസ്, ഓപിയോയിഡ്‌സ് തുടങ്ങിയ രാസവസ്തുക്കളും മണിയുടെ ശരീരത്തില്‍ ഉണ്ടെന്നാണ് ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശം. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ ശേഖരിച്ച രക്തം, മൂത്രം അടക്കം സാംപിളുകളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. എന്നാലിവ സ്ഥിരീകരിക്കാന്‍ കൂടുതല്‍ കൃത്യമായ പരിശോധന വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം ഈ റിപ്പോര്‍ട്ടില്‍ ഒരിടത്തും സംശയമായി പോലും പരാമര്‍ശിക്കാത്ത ഒന്നാണ് സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്ന ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി. തീരെ ചെറിയ അളവുകളില്‍ മാത്രമുണ്ടായിരുന്ന മറ്റ് രാസവസ്തുക്കള്‍ പോലും കണ്ടെത്തിയിട്ടും മരണകാരണമായെന്ന് ഇപ്പോള്‍ സംശയിക്കുന്ന പ്രധാന രാസവസ്തു കണ്ടെത്താത്തത് അസ്വാഭാവികമാണെന്ന് സൂചനയുണ്ട്.
സര്‍ക്കാര്‍ ലാബിലെ പരിശോധനയ്ക്കാണ് കൂടുതല്‍ കൃത്യത ഉണ്ടാകുകയെന്നും അതുകൊണ്ട് തന്നെ ആദ്യ പരിശോധനയില്‍ കീടനാശിനി കണ്ടെത്താത്തത് കണക്കിലെടുക്കേണ്ടതില്ല എന്നുമാണ് പൊലീസ് ഭാഷ്യം. അതേസമയം മരണകാരണമായ കീടനാശിനി തുടക്കത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിനുള്ള ചികില്‍സയും മണിക്ക് നല്‍കിയിട്ടില്ലെന്ന് വ്യക്തം. അതുകൊണ്ട് തന്നെ കീടനാശിനിയാണ് മരണകാരണമെന്ന കണ്ടെത്തല്‍ ആദ്യം ചികില്‍സിച്ചവര്‍ അംഗീകരിച്ചേക്കില്ല. മെഥനോള്‍ അല്ലാതെ അപകടകരമായ തോതില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല എന്ന വിശദീകരണത്തില്‍ അവര്‍ ഉറച്ചുനിന്നേക്കും. ഈ ആശയക്കുഴപ്പം പരിഹരിക്കാന്‍ കൂടിയാണ് ആദ്യ സാംപിളുകള്‍ ആശുപത്രിയില്‍ നിന്ന് വാങ്ങി സര്‍ക്കാര്‍ ലാബില്‍ പരിശോധിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























