ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടിലെ വാൾ ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു. വടയം ചുണ്ടേമ്മൽ പാത്തുവാണ് (75) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഷോർട്ട്സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ ഉരുകി ചുമരിൽ നിന്ന് വേർപെട്ട് കിടപ്പുമുറിയിലെ സോഫയിൽ പതിക്കുകയായിരുന്നു. സോഫക്ക് പിടിച്ച തീ കിടക്കയിലേക്കും പടരുകയായിരുന്നത്രെ. ചൊവ്വാഴ്ച ഉച്ചക്കാണ് അപകടം സംഭവിച്ചത്. പക്ഷാഘാതം വന്ന് അനങ്ങാനും സംസാരിക്കാനും കഴിയാതെ കിടക്കുകയായിരുന്ന പാത്തുവിന് മുറിയിൽനിന്ന് രക്ഷപ്പെടാനായില്ല. മക്കൾ വീട്ടിന് പുറത്തായിരുന്നു. തീയുടെ ചൂടുകാരണം ജനൽ ഗ്ലാസ് പൊട്ടി പുറത്തേക്ക് പുകയുയരുന്നത് കണ്ട് അയൽക്കാരും മക്കളും ഓടിയെത്തി തീയണച്ച് പാത്തുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടിനാണ് മരണം. കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരക്ക് നിട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
"https://www.facebook.com/Malayalivartha






















