ദൗത്യത്തിന്റെ രീതിശാസ്ത്രത്തെയും ഡാറ്റയുടെ ആധികാരികതയെയും ഉന്നയിക്കുന്ന ചോദ്യങ്ങൾ ബാലിശമാണ്; 'അതിദാരിദ്ര്യമുക്ത കേരളം' എന്ന ചരിത്രപരമായ പ്രഖ്യാപനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമമെന്ന് മന്ത്രി വി ശിവൻകുട്ടി

കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന 'അതിദാരിദ്ര്യമുക്ത കേരളം' എന്ന ചരിത്രപരമായ പ്രഖ്യാപനത്തെ ഇകഴ്ത്തിക്കാട്ടാനും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് ചില സാമ്പത്തിക വിദഗ്ദ്ധരുടെയും സാമൂഹിക പ്രവർത്തകരുടെയും പേരിൽ പുറത്തുവന്ന തുറന്ന കത്തെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ആർ വി ജി മേനോൻ, ഡോ. വി രാമൻകുട്ടി, ഡോ.കെ ജി താര, ഡോ.കെ പി കണ്ണൻ തുടങ്ങിയ അക്കാദമിക രംഗത്ത് അറിയപ്പെടുന്ന വ്യക്തികൾ പോലും വസ്തുതകൾ ശരിയായി പരിശോധിക്കാതെ, സർക്കാരിന്റെ ഏറ്റവും സുതാര്യമായ ഒരു ദൗത്യത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കത്തിൽ ഒപ്പിട്ടത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. കേരളം കൈവരിച്ച ഒരു ചരിത്രനേട്ടത്തെ രാഷ്ട്രീയലക്ഷ്യങ്ങളോടെ അവഹേളിക്കാനുള്ള ശ്രമമാണിത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി, ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി, വിദ്യാഭ്യാസം എന്നീ വ്യക്തമായ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിൽ ആദ്യമായി ഇത്രയും ശാസ്ത്രീയവും ജനകീയവുമായ സർവ്വേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനകീയ സമിതികളുടെയും നേതൃത്വത്തിൽ നടത്തിയാണ് 64,006 കുടുംബങ്ങളെ കണ്ടെത്തിയത്.
സംസ്ഥാന സർക്കാർ കണ്ടെത്തിയ 64,006 കുടുംബങ്ങൾ പ്രധാന അടിസ്ഥാന ആവശ്യങ്ങളും ഒരുപോലെ നിഷേധിക്കപ്പെട്ട, ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരാണ്. ഈ ദൗത്യത്തിന്റെ രീതിശാസ്ത്രത്തെയും ഡാറ്റയുടെ ആധികാരികതയെയും കുറിച്ച് കത്തിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ ബാലിശമാണ്. ഗ്രാമസഭകളിലും വാർഡ് സഭകളിലും ചർച്ച ചെയ്ത് അംഗീകരിച്ച പട്ടികയാണിത്.
ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കി, വർഷങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഇതിനെ കേവലം 'പ്രചാരവേല' എന്ന് മുദ്രകുത്തുന്നത് കേരളത്തിലെ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ അഭിമാന നിമിഷത്തെ തകർക്കാനുള്ള ഇത്തരം 'ബുദ്ധിജീവി' നാട്യങ്ങളെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
:
https://www.facebook.com/Malayalivartha

























