മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ല മുൻ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കെ എം ജോസഫ് അന്തരിച്ചു...

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ല മുൻ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കെ എം ജോസഫ് (81) അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ ഏ കെ ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴം രാവിലെയായിരുന്നു അന്ത്യം.
1970 കളിൽ പാർട്ടിയിൽ സജീവമായി. അടിയന്തരാവസ്ഥ കാലത്ത് കുടിയാന്മലയിൽ സംഘടിപ്പിച്ച സുകുമാരൻ രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം വി ഗോവിന്ദൻ, ഇ പി ജയരാജൻ എന്നിവർക്കൊപ്പം പൊലീസ് മർദ്ദനം ഏൽക്കേണ്ടി വരികയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിക്കുകയും ചെയ്തു. മലയോര മേഖലയിലെ കുടിയേറ്റ ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ, തളിപ്പറമ്പ് പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, നടുവിൽ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ കണ്ണൂർ അഴീക്കോടൻ സ്മാരക മന്ദിരത്തിലും നാല് മുതൽ അഞ്ച് വരെ ആലക്കോട് ഇഎംഎസ് സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ പയ്യാമ്പലത്ത് നടക്കും.
"
https://www.facebook.com/Malayalivartha


























