ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...

വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരുന്ന് മടുത്തപ്പോൾ, ഒടുവിൽ ആ കർഷക ദമ്പതികൾ തന്നെ മുന്നിട്ടിറങ്ങി! സ്വന്തം ജീവൻ പോലും പണയം വെച്ച് അവർ പിടികൂടിയത് നാലടി നീളമുള്ള ഒരു ഭീമൻ മുതലയെയാണ്. മധ്യപ്രദേശിലെ ജബൽപൂരിലുള്ള സൺപൂർ ഘാന ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രാമത്തിലെ കർഷകനായ ലക്പത് യാദവിന്റെ മീൻ കുളത്തിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ അപ്രത്യക്ഷമാകാൻ തുടങ്ങി. ചത്ത മീനുകളുടെ അവശിഷ്ടങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കുളത്തിനുള്ളിൽ പതുങ്ങിയിരുന്ന നാലടി നീളമുള്ള മുതലയെ കണ്ടെത്തിയത്.
ഉടൻ തന്നെ ലക്പത് യാദവ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും സഹായത്തിനായി ആരും തിരിഞ്ഞുനോക്കിയില്ല. ഗ്രാമവാസികൾക്കിടയിൽ ഭീതി പടർന്നതോടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ യാദവും ഭാര്യയും തീരുമാനിച്ചു.
ഇരുവരും ചേർന്ന് കുളത്തിൽ വല വിരിക്കുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മുതലയെ കുടുക്കുകയും ചെയ്തു. തുടർന്ന് യാദവിന്റെ ഭാര്യ തന്നെ ഈ മുതലയെ നേരിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിച്ച് കൈമാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, പരിശീലനം ലഭിക്കാത്തവർ ഇത്തരത്തിൽ വന്യമൃഗങ്ങളെ പിടികൂടാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
https://www.facebook.com/Malayalivartha
























