തൂക്ക നേര്‍ച്ച നിറവേറ്റി...പക്ഷെ ഇനിയും ഒരു പിടി സ്വപ്‌നങ്ങള്‍ ബാക്കിവച്ച് അവര്‍ മടക്ക് യാത്രയില്ലാത്ത ലോകത്തേക്ക് മറഞ്ഞു...

പനച്ചിയം ക്ഷേത്രത്തിലെ തൂക്ക നേര്‍ച്ച നിറവേറ്റാനാണ് ഒന്നരമാസത്തെ അവധിക്ക് അഞ്ജുവും ഭര്‍ത്താവ് ശ്യാം മോഹനും നാട്ടിലെത്തിയത്. ഒരാഴ്ച മുമ്പ് വീട്ടില്‍ ക്ഷേത്ര നേര്‍ച്ച ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചേയുള്ള വിമാനത്തില്‍ ദുബായ് വഴി പുറപ്പെട്ട അഞ്ജുവിന്റെ മരണം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.
ജീവിതം തുടങ്ങുംമുമ്പേ മരണത്തിനു കീഴടങ്ങിയ ശ്യാമും ഭാര്യ അഞ്ജുവും സഫലമാക്കാതെ ബാക്കിവച്ചത് ഒരുപിടി സ്വപ്‌നങ്ങളായിരുന്നു. ഫിസിയോതെറാപ്പി കോഴ്‌സ് പാസായ ശേഷം ഡല്‍ഹിയുള്‍പ്പെടെ ജോലി ചെയ്ത ശേഷമാണ് കുടുംബത്തെ കരകയറ്റാന്‍ നാലു വര്‍ഷം മുമ്പ് അഞ്ജു റഷ്യയിലേക്ക് പോയത്. ഉമ്മറപ്പടിയില്‍ നിറകണ്ണു കളോടെ നിന്ന മാതാപിതാക്കളേയും സഹോദരിയേയും ചേര്‍ത്തുപിടിച്ച് മുത്തം നല്‍കിയാണ് ഭാര്യയോടൊപ്പം ശ്യാംമോഹനും സ്വന്തം വീട്ടില്‍ നിന്നും യാത്രയായത്.
ഫ്‌ളൈ ദുബായ് വിമാനദുരന്തത്തില്‍ മരിച്ച പെരുമ്പാവൂര്‍ വെങ്ങോലയില്‍ ചക്കാലവീട്ടില്‍ ശ്യാംമോന് കുടുംബം എന്നും ദൗര്‍ബല്യമായിരുന്നു. കൃഷിഭവനില്‍ നിന്നു വാങ്ങിയ വാഴകള്‍ കുലയ്ക്കുമ്പോഴേക്കും വീണ്ടും അവധിയിലെത്താമെന്നും വീടുപണി തുടങ്ങാമെന്നും കാറില്‍ കയറുമ്പോള്‍ പിതാവ് മോഹന നോട് ശ്യാം പറഞ്ഞിരുന്നു. നിറചിരിയോടെ ഇനി ചാമക്കാല വീടിന്റെ പടികടന്ന് ശ്യാം എത്തില്ലെന്ന യാഥാര്‍ഥ്യം വീട്ടുകാരേയും അയല്‍ക്കാരേയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നു.
പ്രാരാബ്ധങ്ങള്‍ക്കു നടുവിലും പത്താംക്ലാസിനു ശേഷം ജോലി തേടിയിറങ്ങിയ ശ്യാം കുടുംബത്തിന് എന്നും അത്താണിയായിരുന്നു. മരപ്പണിക്കാരനായിരുന്ന പിതാവിനെ പലവിധ രോഗങ്ങള്‍ അലട്ടിത്തുടങ്ങിയപ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ശ്യാം മോഹന്‍. 2014 നവംബര്‍ രണ്ടിനായിരുന്നു ബന്ധുകൂടിയായ കോതമംഗലം പനിച്ചിയം സ്വദേശിനി അഞ്ജുവിനെ ശ്യാം ജീവിതസഖിയാക്കിയത്. നാലു വര്‍ഷത്തിലേറെയായി റോസ്‌തോവിലെ ആയുര്‍വേദ സ്പായില്‍ ജോലി ചെയ്തിരുന്ന അഞ്ജുവിനെ ഏറെനാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്യാം സ്വന്തമാക്കിയത്.
വിവാഹശേഷം അടുത്തബന്ധു സുജിതയോടൊപ്പം റോസ്‌തോവിലെ ആയുര്‍വേദ സ്പായില്‍ തെറാപ്പിസ്റ്റായി ജോലി നോക്കിയ ശേഷം ഒന്നരമാസം മുമ്പാണ് ദമ്പതികളായ ഇവര്‍ നാട്ടിലെത്തിയത്. ഇവരുടെ അകാല വിയോഗത്തില്‍ കണ്ണീരൊഴുക്കുന്ന മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇനി ഒരു പ്രാര്‍ഥനയേ ബാക്കിയുള്ളൂ. നിറചിരിയോടെ പടിയിറങ്ങിപ്പോയ ഇവരുടെ ചേതനയറ്റ ശരീരമെങ്കിലും ഒരു നോക്കുകാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍... നിറകണ്ണുകളോടെ വെങ്ങോല ഗ്രാമവും അതിനായി കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha