അശോകന്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന, ഹരിപ്പാടാണ് അശോകന്‍ മത്സരിക്കാന്‍ സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പില്‍ താരപേരാട്ടത്തിന്റെ പൊലിമ കൂട്ടി നടന്‍ അശോകനും മത്സരിച്ചേക്കുമെന്ന് സൂചന. ഹരിപ്പാടാവും അശോകന്‍ മത്സരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ചെന്നിത്തലയുടെ സിറ്റിങ് സീറ്റാണ് ഹരിപ്പാട്. ഇതോടെ വേറിട്ട തെരഞ്ഞെടുപ്പ് പോരാട്ടത്തിനാവും കേരളവും സാക്ഷിയാവുക. സി.പി.ഐ ആണ് അശോകനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്ന് അശോകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
തോമസുകുട്ടിക്ക് ലഭിക്കുന്ന സ്വീകാര്യത തെരഞ്ഞെടുപ്പില്‍ തനിക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് അശോകന്റെ വിലയിരുത്തല്‍. ഹരിഹര്‍ നഗറിലെ മറ്റു മൂന്നുപേര്‍ക്കും അവസരം ലഭിച്ചപ്പോള്‍ തോമസുകുട്ടി അവഗണിക്കപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയിലടക്കം പ്രചരണം നടക്കുന്നുണ്ട്. ഇത് തനിക്ക് ലഭിച്ചേക്കാവുന്ന സ്വീകാര്യതയുടെ തെളിവാണ്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കോളജ് കാലത്തും നടന്‍ മുരളിക്കു വേണ്ടിയും ഇടതുപക്ഷത്തുനിന്ന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നടന്‍ ഇന്നസെന്റ് എം.പി ആയതോടെ സിനിമാക്കാര്‍ക്കും നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞതായും അശോകന്‍ പറഞ്ഞു.
ഹരിഹര്‍ നഗര്‍ സിനിമയിലെ സൗഹൃദ കൂട്ടായ്മയില്‍ അശോകന്‍ ഒഴികെയുള്ളവര്‍ മൂവരും മത്സരിച്ചേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ജഗദീഷ്, സിദ്ദിഖ് എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും മുകേഷ് ഇടതു സ്ഥാനാര്‍ത്ഥിയായും തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് നടന്‍ അശോകനും പരിഗണനയിലാണെന്ന സൂചന പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha