കൊച്ചി തിരിച്ചുപിടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കൊച്ചി കോര്‍പ്പറേഷനില്‍ ഒന്നാം ഘട്ടത്തില്‍ 40 സ്ഥാനാര്‍ഥികള്‍

കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ്. ഒന്നാം ഘട്ടത്തില്‍ 40 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കൊച്ചി ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് ജനറല്‍ സീറ്റുകളിലടക്കം 3 വനിതകളെ ഇറക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ദീപ്തി മേരി വര്‍ഗീസ്, സീന ഗോകുലന്‍, ഷൈല തഡെവൂസ്, ഷൈനി മാത്യു തുടങ്ങിയവരെല്ലാം ഒന്നാം ഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആകെ കോണ്‍ഗ്രസ് മത്സരിക്കുന്ന 65 സീറ്റുകളില്‍ 40 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മത്സരിക്കുന്നത് 76 ല്‍ 65 സീറ്റിലാണ്. മുസ്ലിം ലീഗ് 7 സീറ്റിലും കേരള കോണ്‍ഗ്രസ് 3 സീറ്റിലും മത്സരിക്കും.
എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ മേയര്‍ ടോണി ചമ്മിണി, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ടി ജെ വിനോദ് എം എ ല്‍എ, ദീപ്തി മേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ഫോര്‍ട്ടുകൊച്ചി ഒന്നാം ഡിവിഷനിലാണ് മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു വീണ്ടും പോരിനിറങ്ങുന്നത്. മൂന്നാം ഡിവിഷന്‍ ഈരവേലിയില്‍ റഹീന റഫീഖ്, നാലാം ഡിവിഷന്‍ കരിപ്പാലത്ത് മുന്‍ കൗണ്‍സിലര്‍ കെ എം മനാഫ്, എട്ടാം ഡിവിഷന്‍ കരുവേലിപ്പടിയില്‍ കവിത ഹരികുമാര്‍ എന്നിവരും രംഗത്തുണ്ട്. ഒമ്പതാം ഡിവിഷന്‍ ഐലന്‍ഡ് നോര്‍ത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറക്കാണ് നിയോഗം.
11 ാം ഡിവിഷന്‍ എറണാകുളം സൗത്തില്‍ മുന്‍ കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, ഗാന്ധിനഗര്‍ 12 ാം ഡിവിഷന്‍ നിര്‍മല ടീച്ചര്‍, എറണാകുളം സെന്‍ട്രല്‍ 14 ാം ഡിവിഷന്‍ മുന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, 15 ാം ഡിവിഷന്‍ എറണാകുളം നോര്‍ത്ത് ടൈസണ്‍ മാത്യു, 16 ാം ഡിവിഷന്‍ കലൂര്‍ സൗത്ത് മുന്‍ കൗണ്‍സിലര്‍ എം ജി അരിസ്‌റ്റോട്ടില്‍, 19 ാം ഡിവിഷന്‍ അയ്യപ്പന്‍കാവില്‍ ദീപക് ജോയി, 20 ാം ഡിവിഷന്‍ പൊറ്റക്കുഴിയില്‍ അഡ്വ. സെറീന ജോര്‍ജ് എന്നിവരെ ഇറക്കി ജയിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























