വൃശ്ചികം ഒന്ന്... മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു.... ഭക്ത സഹസ്രങ്ങളുടെ ശരണഘോഷങ്ങളാൽ പൂങ്കാവനം മുഖരിതമായി

വൃശ്ചികം ഒന്ന്... മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു. ഭക്ത സഹസ്രങ്ങളുടെ ശരണഘോഷങ്ങളാൽ പൂങ്കാവനം മുഖരിതമായി. ഇന്നലെ വൈകിട്ട് നാലിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കുകയും ചെയ്തു.
ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്കു താഴെ കാത്തുനിന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാം പടിയിലൂടെ നിലവിലെ മേൽശാന്തി സോപാനത്തേക്ക് ആനയിക്കുകയായിരുന്നു. സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി ഒറ്റ കലശാഭിഷേകം നടത്തിയശേഷം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. അയ്യപ്പവിഗ്രഹത്തിനു സമീപമിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുത്തു.
ദാമോദരൻ നമ്പൂതിരിയെയും ഇതേരീതിയിൽ മാളികപ്പുറം ക്ഷേത്രത്തിൽ മേൽശാന്തിയായി അവരോധിച്ചു. ദേവസ്വം മന്ത്രി കെ.മുരളീധരൻ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. പി.ഡി. സന്തോഷ്, അഡ്വ. കെ. രാജു, ദേവസ്വം കമ്മിഷണർ ബി. സുനിൽ കുമാർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ശാന്തകുമാർ, ദേവസ്വം പി.ആർ.ഒ അരുൺ എന്നിവർ സന്നിഹിതരായിരുന്നു.
രാത്രി നടയടച്ചശേഷം പുറപ്പെടാ ശാന്തിമാരായിരുന്ന ഇ.ഡി.പ്രസാദ് നമ്പൂതിരിയും എം.ജി. മനു നമ്പൂതിരിയും പതിനെട്ടാം പടി ഇറങ്ങി. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. ഇന്നു പുലർച്ചെ 3ന് മണ്ഡലകാല പൂജകൾക്കായി പുതിയ മേൽശാന്തിമാർ ക്ഷേത്രനടകൾ തുറന്നു. ഡിസംബർ 27നാണ് മണ്ഡലപൂജ.
അതേസമയം ഇന്നുമുതൽ വെർച്വൽ ക്യൂ വഴി 60,000 പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കുമാണ് ദിവസവും ദർശനം അനുവദിക്കുക.
"
https://www.facebook.com/Malayalivartha

























