സങ്കടക്കാഴ്ചയായി... ക്ഷേത്ര ദർശനത്തിന് ശേഷം അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ തെക്കതിൽ (ആനന്ദഭവനം) ബിജു-അജിത ദമ്പതികളുടെ മകൻ ആദിത്യൻ (19), വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ തെക്കതിൽ (സർപ്പക്കാവിന് സമീപം) ബിജു-സിന്ധു ദമ്പതികളുടെ മകൻ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് അടുത്ത് ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. രാവിലെ എട്ടോടെയാണ് ആദിത്യനും അഭിജിത്തും ആദിത്യന്റെ സഹോദരൻ അഭിജിത്തുമുൾപ്പടെ സമീപവാസികളായ ആറ് പേർ ക്ഷേത്രദർശനത്തിന് പുറപ്പെട്ടത്.
ദർശനം പൂർത്തിയാക്കിയ ഇവർ കായലിൽ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാനായി ഇറങ്ങി. ഇതിനിടെ കൂട്ടത്തിലെ ബാക്കിയുള്ളവർ കരയ്ക്ക് കയറിയെങ്കിലും അഭിജിത്തും ആദിത്യനും അടിയൊഴുക്കുള്ള ബോട്ട് ചാലിലകപ്പെടുകയായിരുന്നു. ഇതുകണ്ട് ഒപ്പമുണ്ടായിരുന്ന ആദിത്യന്റെ സഹോദരൻ അഭിജിത്ത് രക്ഷിക്കാനായി കായലിലേക്ക് ചാടിയെങ്കിലും ഇയാളും ബോട്ട് ചാലിൽ അകപ്പെട്ടു.
ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് എത്തിയ പ്രദേശവാസികൾ ആദിത്യന്റെ സഹോദരൻ അഭിജിത്തിനെ ആദ്യം രക്ഷപ്പെടുത്തി. തുടർന്ന് ആദിത്യനെയും അഭിജിത്തിനെയും കരയ്ക്കെത്തിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ആദിത്യൻ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം മാടൻനടയിൽ ഹെൽമറ്റ് കടയിൽ ജോലി നോക്കുകയായിരുന്നു. മയ്യനാട് എച്ച്.എസ്.എസിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അഭിജിത്ത്. കൊല്ലം സിറ്റി എ.സി.പി എസ്. ഷെരീഫ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. കേസെടുത്ത് അഞ്ചാലുംമൂട് പൊലീസ് .
"
https://www.facebook.com/Malayalivartha


























