പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കുറ്റകൃത്യം നടന്ന ദിവസം ഫോണില്‍ വിളിച്ച യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി. കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരി 17 ന് പള്‍സര്‍ സുനി യുവതിയെ പലവട്ടം ഫോണില്‍ വിളിച്ചെന്നും മെസേജ് അയച്ചെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. സംഭവം വിധിന്യായത്തില്‍ കോടതി ആരാഞ്ഞതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് വിശദീകരണവുമായി എത്തി. മൂന്നോ നാലോ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നുവെന്നും അന്ന്, സുനിയുമായി സംസാരിക്കാന്‍ ഉപയോഗിച്ച ഫോണും സിംകാര്‍ഡും പൊലീസിനു കൈമാറിയിരുന്നുവെന്നും ഫോണ്‍ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ലെന്നും ഭര്‍ത്താവ് പറയുന്നു.
കുറ്റകൃത്യം ചിത്രീകരിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും യുവതിയുടെ വീട്ടില്‍ ഒളിപ്പിക്കാന്‍ സുനി ആലോചിച്ചിരുന്നുവെന്നും പക്ഷേ അതു നടന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ കുറ്റകൃത്യത്തെക്കുറിച്ച് യുവതിക്ക് അറിയില്ലായിരുന്നുവെന്ന നിഗമനത്തിലാണ് അവരെ കേസില്‍ സാക്ഷിയാക്കാതിരുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകാതെ നടന്‍ ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണമായി പ്രോസിക്യൂഷന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നിടത്താണ് സുനിയുടെ സുഹൃത്തായ യുവതിയെപ്പറ്റി പറയുന്നത്. കുറ്റകൃത്യം നടന്ന ദിവസം വൈകിട്ട് 6.22 മുതല്‍ 7.59 വരെ 6 തവണ സുനി യുവതിയെ വിളിച്ചിരുന്നു. അന്നു രാത്രി 9.03 മുതല്‍ 9.56 വരെ 7 മെസേജുകള്‍ യുവതിയുടെ ഫോണില്‍നിന്ന് സുനിക്ക് കിട്ടിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ വിഡിയോ ചിത്രീകരിച്ചത് രാത്രി 10.30 മുതല്‍ 10.48 വരെയാണ്. അതായത്, കുറ്റകൃത്യത്തിന് അര മണിക്കൂര്‍ മുന്‍പ് സുനിക്ക് യുവതിയുടെ മെസേജ് കിട്ടിയിരുന്നു.
അതിജീവിതയെ കൊച്ചിയിലേക്കു തട്ടിക്കൊണ്ടു പോകുമ്പോഴും സുനി യുവതിയെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തിരുന്നു. വളരെ അടുപ്പമുള്ളവരാണ് ഇരുവരുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ദിലീപും പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ച് യുവതിക്ക് അറിയാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ യുവതിയെ സാക്ഷിയാക്കിയിട്ടില്ല. അതിനൊപ്പം, ഇവരുടെ ഫോണ്‍ വിവരങ്ങളോ ടവര്‍ ലൊക്കേഷനോ കോടതിയിലെത്തിച്ചില്ല. സ്വകാര്യത ചൂണ്ടിക്കാട്ടി ഫോണിലെ വിവരങ്ങള്‍ മറച്ചുവച്ചു തുടങ്ങിയ പ്രോസിക്യൂഷന്‍ വീഴ്ചകളും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























