ലോക സാമ്പത്തിക ഫോറം: കേരളത്തിന്‍റെ നിക്ഷേപസാധ്യതകള്‍ ആഗോള വ്യവസായികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തില്‍ (ഡബ്ല്യുഇഎഫ്) കേരളത്തിന്‍റെ ഉന്നത പ്രതിനിധി സംഘത്തെ നയിക്കുന്ന വ്യവസായ മന്ത്രി പി. രാജീവ് പ്രമുഖ വ്യവസായികളുമായി സംവദിച്ചു. വിവിധ മേഖലകളിലുള്ള സംസ്ഥാനത്തിന്‍റെ വലിയ നിക്ഷേപ അവസരങ്ങളെ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച. വ്യാവസായിക മേഖലയിലെ ഭാവിനിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമായി കേരളം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് പി. രാജീവ് പറഞ്ഞു. നയസ്ഥിരത, ഡിജിറ്റല്‍ ഭരണം, ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയാണ് കേരളത്തെ മികച്ചയിടമാക്കുന്നത്. ഇത്തരം സാധ്യതകളെ സംയോജിപ്പിച്ച് പരമ്പരാഗത കയറ്റുമതി മേഖലയെ ആഗോളശൃംഖലയുടെ ഭാഗമാക്കാന്‍ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോളിഷ് കോണ്‍ഫെഡറേഷന്‍ ലെവിയാറ്റന്‍റെ ഡയറക്ടര്‍ ജനറല്‍ മാല്‍ഗോര്‍സാറ്റ മ്രോസ്കോവ്സ്ക-ഹോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പോളണ്ടിനും കേരളത്തിനും ഇടയില്‍ സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള ഒട്ടേറെ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ ഉപകരണ നിര്‍മ്മാണം, ഐടി/ഐടി ഇതര ഡിജിറ്റല്‍ സേവനങ്ങള്‍, ബയോടെക്നോളജി, നൂതന വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പോളണ്ടുമായുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനായി പോളിഷ് ബിസിനസ് പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരളത്തിന്‍റെ നിക്ഷേപ സൗഹൃദ നയങ്ങള്‍, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവ കേരളത്തിന്‍റെ നിക്ഷേപസൗഹൃദ മുഖത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഡ്രിപ്പ് ക്യാപിറ്റലിന്‍റെ സിഇഒയും സഹസ്ഥാപകനുമായ പുഷ്കര്‍ മുകേവാറുമായുള്ള ചര്‍ച്ചയില്‍ കേരളത്തിലെ ചെറുകിട- ഇടത്തരം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമുള്ള സാധ്യതകള്‍ മന്ത്രി ചൂണ്ടിക്കാട്ടി. ട്രേഡ് എക്സ് കേരള 2026-ല്‍ പങ്കെടുക്കുന്നതില്‍ ഉള്‍പ്പെടെ കൂടുതല്‍ പങ്കാളിത്തത്തിന് ഡ്രിപ്പ് ക്യാപിറ്റലിനെ ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു.
'പ്യുര്‍' സ്ഥാപകയും വ്യവസായിയുമായ ഡോ. ഷൈല തല്ലൂരിയുമായുള്ള കൂടിക്കാഴ്ചയില്‍ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ ഒരു തൊഴില്‍ ശക്തി കെട്ടിപ്പടുക്കുന്നതിനായി നൈപുണ്യ വികസനം, പ്രതിഭാ വികസനം, വ്യവസായ-അക്കാദമിക് പങ്കാളിത്തം എന്നിവയിലെ സഹകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നു. കെഐഇഡി പോലുള്ള സ്ഥാപനങ്ങളിലൂടെ പ്യൂറുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ കേരളം താല്പര്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സിന്‍ഹാസ് ജിഎംബിഎച്ച് സ്ഥാപകനും സിഇഒയുമായ രാജീവ് സിന്‍ഹയുമായുള്ള ആശയവിനിമയത്തില്‍ കയറ്റുമതി സാധ്യതയുള്ള സുഗന്ധവ്യഞ്ജന- ഭക്ഷ്യസംസ്കരണ മേഖലകളിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, വിപണി പ്രവേശനം, ബ്രാന്‍ഡിംഗ്, യൂറോപ്പിലുടനീളമുള്ള വിതരണം തുടങ്ങിയവ ചര്‍ച്ചയായി.
അഞ്ചുപേരടങ്ങുന്ന ഉന്നത പ്രതിനിധി സംഘത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടര്‍ പി. വിഷ്ണുരാജ്, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha





















