മനുഷ്യജീവന് ഒരു പുഴുവിന്റെ വില പോലും നല്കാത്ത, അനുകമ്പയുടെയുടെ കണിക തരിമ്പും ഇല്ലാത്ത പിഴച്ചുപ്പോയ ഒരു വ്യവസ്ഥിതി ആണിവിടെ; കാശും പദവിയും ഇല്ലാത്ത സാധാരണക്കാരായ ആളുകളെ രണ്ടാം തരം പോയിട്ട് മനുഷ്യരായിട്ട് പോലും കണക്കാക്കാത്ത തേർഡ് റേറ്റഡ് ഡെവിൾസ് അരങ്ങും അണിയറയും കയ്യടക്കി വച്ച നാട്; ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്

തിരുവനന്തപുരം വിളപ്പിൽ ശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. യുവാവ് മരിച്ചത് ചികിത്സ കിട്ടാതെ എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വിളപ്പിൽശാല കൊല്ലംകോണം സ്വദേശി ബിസ്മിനാണ് മരിച്ചത്. നടുക്കുന്ന ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;-
എന്തൊരു നശിച്ച നാടാണിത് ഈശ്വരാ. മനുഷ്യജീവന് ഒരു പുഴുവിന്റെ വില പോലും നല്കാത്ത, അനുകമ്പയുടെയുടെ കണിക തരിമ്പും ഇല്ലാത്ത പിഴച്ചുപ്പോയ ഒരു വ്യവസ്ഥിതി ആണിവിടെ. കാശും പദവിയും ഇല്ലാത്ത സാധാരണക്കാരായ ആളുകളെ രണ്ടാം തരം പോയിട്ട് മനുഷ്യരായിട്ട് പോലും കണക്കാക്കാത്ത തേർഡ് റേറ്റഡ് ഡെവിൾസ് അരങ്ങും അണിയറയും കയ്യടക്കി വച്ച നാട്..
ചികിത്സ തേടി സർക്കാർ ആശുപത്രിയിൽ എത്തിയ ഒരു മനുഷ്യൻ ശ്വാസം മുട്ടി ജീവന് വേണ്ടി കേണ് ഒടുക്കം പിടഞ്ഞു വീണ കാഴ്ച ഉള്ളുലയാതെ കണ്ടിരിക്കാനാവില്ല. പുലർച്ചെ ഒന്നരയ്ക്ക് തിരുവനന്തപുരം വിളപ്പിൽ ശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് ശ്വാസം മുട്ടൽ കൊണ്ട് പ്രാണൻ പോകുന്ന ആധിയോടെ ഭാര്യയ്ക്ക് ഒപ്പം എത്തിയ മുപ്പത്തിയേഴ് വയസ്സുള്ള യുവാവ്.
ഉള്ളിൽ നിന്ന് പൂട്ടിയ ആശുപത്രിയിലെ ജീവനക്കാരെ വിളിക്കാൻ അദ്ദേഹത്തിന്റെ ഭാര്യ പലവട്ടം ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. അങ്ങനെ ഓടുമ്പോഴും ആ സ്ത്രീ പ്രാണപ്പിടച്ചിൽ നടത്തുന്ന ഭർത്താവിനരികിൽ തിരികെ എത്തി ചേർത്തുപ്പിടിക്കുന്നു. കരഞ്ഞു പോയി അത് കണ്ടിട്ട്. പ്രിയപ്പെട്ടവൻ പ്രാണന് വേണ്ടി പിടയുന്നത് കാണേണ്ടി വന്ന ഒരു പാവം സ്ത്രീ, ആ സമയത്ത് അവരുടെ മാനസിക അവസ്ഥ, ഉള്ള് പിടച്ചിൽ ഓർക്കുമ്പോൾ തന്നെ ഹൃദയം വിങ്ങുന്നു. വൈകി തുറന്ന ഗേറ്റ്, ശേഷം അവിടുന്ന് അദ്ദേഹത്തിന് കിട്ടാതെ പോയ ജീവൻ രക്ഷാ ചികിത്സ എല്ലാം തുറന്ന് കാണിക്കുന്നത് ഈ നമ്പർ വൺ ആരോഗ്യ കേരളം പാവപ്പെട്ട രോഗികളെ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നതാണ് .
ഭീമാകാരമായ ഒരു മഞ്ഞുമലയുടെ അങ്ങേയറ്റത്തെ മൂലയിൽ ഉള്ള ഏറ്റോം ചെറിയൊരു മഞ്ഞിന്റെ തുണ്ടാണ് ഡോ ഹാരിസിൽ നിന്നുള്ള അന്നത്തെ വെളിപ്പെടുത്തൽ. ആ മഞ്ഞുമല ഇപ്പോഴും അവിടെ തന്നെയുണ്ട്, അപകടകരമായ കെടുകാര്യസ്ഥതയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും അനാസ്ഥയുടെയും രൂപത്തിൽ!! അത് ഓരോ മനുഷ്യരുടെയും ജീവനെടുത്ത് കൊണ്ടിരിക്കുന്നു.
ഈ മണ്ണിലെ പുഴുക്കൾക്ക് ഇവിടെ ഇതിലും നല്ലൊരു സ്ഥാനം ഉണ്ടല്ലോ എന്ന് മനസ്സ് കൊണ്ട് പതം പറയാതെ പല സർക്കാർ ആശുപത്രികളിൽ നിന്നും ഇറങ്ങാൻ കഴിയില്ല രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എന്നത് ഒരു വാസ്തവമാണ്. അങ്ങനെ ഒരാൾ പിടഞ്ഞു കരഞ്ഞു മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. എന്നിട്ട് അതിനെയും പതിനായിരത്തി ഒന്നാമത്തെ ഒറ്റപ്പെട്ട സംഭവമായി എഴുതി തള്ളിയ ആരോഗ്യ കേരളം.
ബസ് സ്റ്റാൻഡിലെ കഫർട്ട് സ്റ്റേഷനുകളിലെ പുഴുത്തു നാറിയ പബ്ലിക് ടോയ്‌ലറ്റുകൾ എത്രയോ ഭേദമാണ് എന്ന് തോന്നും നമ്പർ 1 ആരോഗ്യ കേരളത്തിലെ മെഡിക്കൽ കോളേജ് ടോയ്ലെറ്റുകളിൽ കയറിയാൽ. ലിഫ്റ്റിൽ കയറിയാൽ അത് ഉദ്ദേശിച്ച സ്ഥലത്ത് എത്തുമോ അതോ പരലോകത്ത് എത്തുമോ എന്നറിയാൻ കഴിയില്ല. അങ്ങനെ രോഗി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ എത്ര സംഭവങ്ങൾ. ഇടത് കൈയ്യുടെ പ്രശ്നത്തിന് വലത് കൈയ്ക്ക് സർജറി, സർജറിക്ക് ശേഷം വയറിനുള്ളിൽ മറന്ന് വയ്ക്കുന്ന കത്രികകൾ, ക്ഷയിച്ചു പോയ ആശുപത്രി കെട്ടിടം തകർന്ന് വീണ മരണം തുടങ്ങി അനാസ്ഥകളുടെ നമ്പർ വൺ പദവി. നമ്മുടെ നികുതിപ്പണം പോക്കറ്റിലാക്കി കുടുംബസമേതം കോട്ടും സൂട്ടുമിട്ട് ഫോറിൻ ടൂർ നടത്തുന്ന ഏമാന്മാർ.
അവർക്ക് ഒരു ജലദോഷപ്പനി വന്നാൽ പോലും അമേരിക്കാവിലെത്തിയാലേ ആവിപ്പിടിക്കൂ എന്ന വാശിയുള്ളപ്പോൾ അതേ നികുതി കൊടുക്കുന്ന പൗരന്മാർ എന്ന കാറ്റഗറിയിൽ വരുന്ന പാവം മനുഷ്യർ സർക്കാർ ആശുപത്രിയിൽ അനുഭവിക്കുന്ന തീരാ യാതന, ഒപ്പം ജീവനെടുക്കുന്ന അനാസ്ഥയും. ഈ പോക്ക് കണ്ട് കണ്ട് മനം മടുത്തിട്ടാണ് ഡോ ഹാരിസ് അന്ന് പ്രതികരിച്ചത്. എന്നിട്ട് അദ്ദേഹത്തെ കള്ളനാക്കാൻ ശ്രമിച്ച നെറികെട്ട വ്യവസ്ഥിതിയുടെ സാത്താൻ മനസ്സ് നമ്മൾ കണ്ടതാണ്. ഇവിടുത്തെ പിഴച്ചു പോയ ആരോഗ്യ വകുപ്പ്, അതിനെ ശരിയാക്കാൻ കഴിവ് ഇല്ലാത്ത നൂലിൽ കെട്ടി ഇറക്കിയ പി ആർ മാത്രം കൈയിൽ ഉള്ള വകുപ്പ് തലവത്തി. അത് കാരണം കഷ്ടപ്പെടുന്ന പാവം പാവം മനുഷ്യർ. ഈ പിഴച്ച ആരോഗ്യ വകുപ്പിന്റെ അനാസ്ഥ കാരണം കൈമുട്ടിന് താഴെ വച്ച് കൈ മുറിച്ച് കളയേണ്ടി വന്ന ഒൻപത് വയസ്സുള്ള കുഞ്ഞ് നമുക്ക് മുന്നിലുണ്ട്. അങ്ങനെ എത്രയോ മനുഷ്യർ.
വെൽ പ്ലാൻഡ് ആയിട്ടുള്ള ഒരു പ്രൊപ്പഗാണ്ടയിലും കൂലിയെഴുത്ത് മാധ്യമപ്പടയുടെ പരിലാളനയിലുമായി തഴച്ചു വീർത്ത വലിയൊരു എയർ ബലൂൺ മാത്രമാണ് നമ്പർ 1 ആരോഗൃ കേരളം. കിറ്റുകൾക്ക് മേൽ വീണുപ്പോയ ഒരു ജനതയ്ക്ക് രോഗം വരുമ്പോൾ സർക്കാർ ആശുപത്രിയിൽ ചെന്നാൽ കിട്ടുന്നത് ചികിത്സ അല്ല മറിച്ച് യമ ലോകത്ത് പോകാനുള്ള കുറിപ്പടി.
https://www.facebook.com/Malayalivartha
























