രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ആരംഭിച്ചു... മുഖ്യാതിഥികളായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റും

രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ആരംഭിച്ചു. മുഖ്യാതിഥികളായ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം 'പരമ്പരാഗത ബഗ്ഗി'യിൽ വന്നിറങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് കർത്തവ്യപഥിൽ എത്തിയത്. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റാഫേൽ,സുഖോയ്,മിഗ്,ജാഗ്വാർ യുദ്ധവിമാനങ്ങൾ ഫ്ലൈ പാസ്റ്റ് നടത്തും. വന്ദേമാതരത്തിന്റെ 70-ാം വാർഷികവുമായി ബന്ധപ്പെട്ട ഛായാചിത്രങ്ങളും പുഷ്‌പാലങ്കാരവും രാജവീഥിയെ ശോഭനമാക്കാൻ ഒരുക്കിയിട്ടുണ്ട്.
ബ്രഹ്‌മോസ് -ആകാശ് മിസൈൽ സിസ്റ്റം, മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈൽ (എം.ആർ.എസ്.എ.എം) സിസ്റ്റം, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലെറി ഗൺ സിസ്റ്റം, നാഗ് മിസൈൽ സിസ്റ്റം, ധനുഷ് ആർട്ടിലെറി ഗൺ, അർജുൻ യുദ്ധടാങ്ക്, തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ തുടങ്ങിയവ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുകയും ചെയ്യും.
അതിർത്തികളിൽ അതിവേഗ നീക്കങ്ങൾ നടത്താൻ രൂപീകരിച്ച പുതിയ 'ഭൈരവ് ബറ്റാലിയനും', 9 വനിതാ അഗ്നിവീറുകളുടെ ബാൻഡ് സംഘമുണ്ടാകും. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കുന്നുണ്ട്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും, കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) ദേശീയ ടീമിൽ സംസ്ഥാനത്തു നിന്നുള്ള 12 അംഗ സംഘവും ചേരുന്നുണ്ട്.കനത്ത സുരക്ഷാവലയത്തിലാണ് ഡൽഹി.
"
https://www.facebook.com/Malayalivartha























