പണം കൊടുത്ത സ്ത്രീയെ എനിക്ക് അറിയില്ലെന്ന് ആരോപണത്തില്‍ പ്രതികരിച്ച് ശോഭാ സുരേന്ദ്രന്‍

വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ പ്രതികരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. പാലക്കാട് കണ്ണാടിയില്‍ എത്തിയത് ക്യാന്‍സര്‍ രോഗിയെ കാണാന്‍ ആണെന്നും കാറില്‍ ഒരു സംഘം തന്നെ പിന്തുടരുകയായിരുന്നുവെന്നും ശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞു. വയോധികയ്ക്ക് പണം കൊടുത്ത സ്ത്രീയെ അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.
'ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. എന്റെ നേരെ ഉയരുന്ന ആരോപണം ഉണ്ടായില്ലാ വെടിയാണ്. പണം കൊടുത്ത ആ സ്ത്രീയെ എനിക്ക് അറിയില്ല. അവര്‍ എന്റെ കാറില്‍ ഉണ്ടായിരുന്നില്ല. എന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കാറില്‍ ഒരു സംഘം എന്നെ പിന്തുടര്‍ന്നു. അതിനാലാണ് കാര്‍ നിര്‍ത്തി സംസാരിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കും. പണം നല്‍കിയ സ്ത്രീയല്ല എന്റെ കാറില്‍ ഇരിക്കുന്നത്. അവരുടെ മുഖം വ്യക്തമല്ല' ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവര്‍ത്തകര്‍ 5000 രൂപ നല്‍കിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ശോഭയും മറ്റ് രണ്ട് സ്ത്രീകളുമാണ് എത്തിയത്. ശോഭ കാറിലേക്ക് പോയശേഷം ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കിയെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പറഞ്ഞതെന്ന് ഇവരുടെ വീട്ടില്‍ അന്വേഷണം നടത്തിയ തിരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























