സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് താപനിലയിൽ കുറവില്ല. പാലക്കാട് തിങ്കളാഴ്ചയും താപനില 40 ഡിഗ്രിയിലെത്തിയിരിക്കുകയാണ്. ഈ മാസം ഇത് നാലാംതവണയാണ്. പുനലൂരിൽ 39.5, കോട്ടയം-38.2, കണ്ണൂർ-37.6 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ താപനില. കോഴിക്കോടും കൊച്ചിയും 36 ഡിഗ്രി.തിരുവനന്തപുരത്ത് 35.5. എറണാകുളം, പത്തനംതിട്ട, കാസർകോട്, വയനാട് ജില്ലകളിലെ ചിലയിടങ്ങളിൽ ഇന്നലെ മഴ പെയ്തു. വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴയുണ്ടായേക്കാം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികൾക്ക് സൂര്യാഘാതാമേൽക്കാതിരിക്കാൻ ഓർമ്മപ്പെടുത്തലുമായി ദുരന്ത നിവാരണ അതോറിറ്റി. സൂര്യഘാത ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര ചികിത്സ നൽകേണ്ടതാണ്. . ചുവന്നു വരണ്ട ചർമ്മം, ഉയർന്ന ശരീരതാപനില, അമിതമായ ദാഹം, ദ്രുതഗതിയിലെ ഹൃദയമിടിപ്പ്, ഓക്കാനം, തലവേദന, ചൂടുകുരു എന്നിവ ലക്ഷണങ്ങളാണ്.
ഞായറാഴ്ച ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചു. കുതിച്ചുയർന്ന വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായി.
അതേസമയം സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണം. കടുത്ത ചൂടിൽ ഇഴജന്തുക്കൾ ജനവാസമേഖലകളിൽ എത്താൻ സാദ്ധ്യതയുണ്ട്. തൃശൂർ കോടാലിയിൽ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ടു വയസുകാരൻ ദാരുണമായി മരണപ്പെട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. ദുരന്തത്തിൽ കുടുംബത്തിന്റെയും നാടിന്റെയും വേദനയിൽ പങ്കുചേരുന്നു.
"
https://www.facebook.com/Malayalivartha
























