വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം

വട്ടിയൂര്‍ക്കാവില്‍ ഉണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ '24 ന്യൂസ്' മാധ്യമപ്രവര്‍ത്തക മേഘനാ മുരളി ഉള്‍പ്പെടെയുള്ള വാര്‍ത്താസംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും വാര്‍ത്താശേഖരണത്തെ തടസ്സപ്പെടുത്തുന്ന നടപടികളില്‍ നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷ മേഖലയില്‍ ഇരുവിഭാഗങ്ങളുടെയും പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആദ്യം ബിജെപി പ്രവര്‍ത്തകരുടെ പ്രസ്താവനകള്‍ വാര്‍ത്താസംഘം നല്‍കിയിരുന്നു. എന്നാല്‍, വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി മറുവിഭാഗത്തിന്റെ വിശദീകരണം തേടിയതോടെ ബിജെപി പ്രവര്‍ത്തകര്‍ രോഷാകുലരാകുകയും മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അസഭ്യവര്‍ഷവും കയ്യേറ്റവും നടന്നതെന്ന് കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി.
നേരിട്ടുള്ള ആക്രമണത്തിന് പുറമെ, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാപകമായ ഭീഷണിപ്പെടുത്തലുകളും അസഭ്യപ്രചാരണങ്ങളും തുടരുകയാണ്. ജനാധിപത്യപരമായ മാധ്യമപ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























