സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

ശബരിമല സന്നിദ്ധാനത്ത് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്‌ഐടി സംഘം പരിശോധനകള്‍ തുടരുന്നു. മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതോടെയാണ് പരിശോധനകള്‍ ആരംഭിച്ചത്. കട്ടിളപ്പാളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന പ്രഭാമണ്ഡലം അടക്കം ഇളക്കിയുള്ള പരിശോധനകളാണ് നടത്താന്‍ പോകുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് എസ്‌ഐടി സംഘം പരിശോധനകള്‍ നടത്തുന്നത്. പത്ത് ദിവസത്തിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച കോടതി ഉത്തരവിട്ടത്.
ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ തകിടുകളും വാതിലിന്റെ മുകള്‍ഭാഗത്തെ പാളികളും അഴിച്ച് സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ഈ പാളികളുടെ പരിശോധന അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ്. ശശിധരന്‍ കോടതിയെ അറിയിച്ചിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാലാണ് മുമ്പ് ഇതിന് സാധിക്കാതിരുന്നത്.
2019ല്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് ലോഹപ്പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനായി പ്രതികള്‍ ഉപയോഗിച്ച രാസവസ്തുവും (സ്ട്രിപ്പിംഗ് സാള്‍ട്ട്) ശാസ്ത്രീയമായി പരിശോധിക്കും. സ്വര്‍ണം തട്ടിയതിന്റെ രീതി മനസിലാക്കാന്‍ ഈ പരിശോധന നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha


























