കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. മരണവീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കാറിൽ മടങ്ങുകയായിരുന്ന കുടുംബമാണ് ഡീസൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്.
സേലം സാമിനാഥപുരം സ്വദേശികളായ എസ്. ഈശ്വരൻ (55), ഭാര്യ തിരുമകൾ (50), ഇവരുടെ മരുമകനും കോളേജ് അധ്യാപകനുമായ എം. മുകിലൻ (35), മുകിലന്റെ മൂന്ന് വയസ്സുള്ള മകൻ ശ്രീനിത്ത്, ഒമ്പത് മാസം മാത്രം പ്രായമുള്ള മകൻ കനീഷ്, ഈശ്വരന്റെ ബന്ധു ജെ. ശിവഗാമി (65) എന്നിവരാണ് മരിച്ചവർ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുകിലന്റെ ഭാര്യ ഹേമ (31) തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
തിരുപ്പൂർ ജില്ലയിലെ ഉതുക്കുളിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈശ്വരനും കുടുംബവും. ഉതുക്കുളിക്ക് സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും അമിതവേഗതയിൽ വന്ന ഡീസൽ ടാങ്കർ ട്രക്ക് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിച്ച ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നനിലയിലായി.
അപകടം നടന്നയുടൻ ലോറി ഡ്രൈവർ വാഹനം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉതുക്കുളി പൊലീസ് സ്ഥലത്തെത്തിയാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആറുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒളിവിൽ പോയ ട്രക്ക് ഡ്രൈവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ്.
"
https://www.facebook.com/Malayalivartha

























