ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സോഹിൽ മുൻജാവർ (21) എന്ന യുവാവാണ് മരിച്ചത്. ആവശ്യമായ അനുമതികളൊന്നുമില്ലാതെ സുഹൃത്തുക്കൾക്കൊപ്പം വനത്തിനുള്ളിലേക്ക് പോയപ്പോഴായിരുന്നു സംഭവം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തു.
സിംഹങ്ങൾ ഇണചേരുന്ന സമയത്താണ് യുവാക്കൾ കാട്ടിലേക്ക് കയറിയതെന്ന് കരുതുന്നതായി ഷെട്രുഞ്ചി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ചിരാഗ് അമിൻ പറഞ്ഞു. വന്യമൃഗങ്ങളെ ഇവർ മനഃപൂർവ്വം ശല്യപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്തതാകാം പെട്ടെന്നുള്ള ആക്രമണത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനത്തിലുള്ളത്.
ആൺസിംഹമാണ് സോഹിലിനെ ക്രൂരമായി ആക്രമിച്ചത്. സിംഹം പാഞ്ഞടുക്കുന്നത് കണ്ട ഉടൻ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഭയന്നോടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
സംഭവസമയത്ത് സോഹിലിനൊപ്പം മൂന്ന് സുഹൃത്തുക്കൾ കൂടി വനത്തിലുണ്ടായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവർക്കെതിരെ വനത്തിൽ അതിക്രമിച്ചു കയറിയതിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























