കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി. പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകളാണ് ഏർപ്പെടുത്തിയത്.
ശിക്ഷയായോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗമായി കൈവിലങ്ങ് ഉപയോഗിക്കാനായി പാടില്ല. കൊടുംകുറ്റവാളികൾക്കു മാത്രം ഇനി കൈവിലങ്ങിട്ടാൽ മതിയെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 13 വിഭാഗങ്ങളിൽ വരുന്ന പ്രതികളെ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് ധരിപ്പിക്കാവുന്നതാണ്. ഇതിൽ ഉൾപ്പെടാത്തവർക്ക് ഉപയോഗിക്കരുത്. കൈവിലങ്ങ് ഉപയോഗിക്കുന്നതിനുമുൻപ് കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റാരോപിതന്റെ പെരുമാറ്റം, സുരക്ഷാകാര്യങ്ങൾ എന്നിവ കണക്കിലെടുക്കേണ്ടതാണ്.
രക്ഷപ്പെടാനുള്ള സാധ്യത, അക്രമസ്വഭാവം, സുരക്ഷാഭീഷണി എന്നിവയുണ്ടെങ്കിലേ വിലങ്ങ് അണിയിക്കാൻ പാടുള്ളൂ. ഇതിനുള്ള സാഹചര്യം ജനറൽ ഡയറിയിലും രജിസ്റ്ററിലും രേഖപ്പെടുത്തുകയും വേണം. കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവരേണ്ടതാണ്. വീഴ്ചയുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടിയെടുക്കും. വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കാനോ അനാവശ്യമായി പൊതുജനങ്ങളുടെയോ മാധ്യമങ്ങളുടെയോ മുന്നിൽ പ്രദർശിപ്പിക്കാനോ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം സ്ഥിരംകുറ്റവാളികൾ, കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയവർ, കൊലപാതകക്കേസ്, ബലാത്സംഗക്കേസ്, ആസിഡ് ആക്രമണം, വ്യാജനോട്ട്, നാണയനിർമാണം, മനുഷ്യക്കടത്ത്, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം, രാജ്യത്തിനെതിരേയുള്ള കുറ്റകൃത്യങ്ങൾ എന്നിവയിലേർപ്പെട്ടവർ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, ഭീകരവാദ പ്രവർത്തനത്തിലേർപ്പെട്ടവർ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്തവർ, അനധികൃതമായി ആയുധങ്ങളും വെടിമരുന്നുകളും കൈവശംവെച്ചവർ എന്നിവരെയൊക്കെ കൈവിലങ്ങ് ധരിപ്പിക്കേണ്ട ധരിപ്പിക്കേണ്ട പ്രതികളാണ്.
https://www.facebook.com/Malayalivartha
























