അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് കനത്ത പ്രളയവും മഴക്കെടുതിയും ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുമ്പോൾ, ഉത്തരം പറയേണ്ട ഘട്ടത്തിൽ അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ചെയ്യുന്നതെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി .
പ്രളയബാധിതരെ ആശ്വസിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും പകരം പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി, അത് ചോദ്യം ചെയ്ത മാധ്യമങ്ങളെയും ജനങ്ങളെയും പരിഹസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റോം കത്തുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചതിനെ ന്യായീകരിച്ച് 'വീണ വായിക്കുന്നത് തെറ്റാണോ' എന്ന് ചോദിക്കുന്നത് പോലെയാണ്, നാട് പ്രളയത്തിൽ മുങ്ങുമ്പോൾ പൊന്നാനിയിലെ വിരുന്നിൽ പങ്കെടുത്ത ശേഷം 'ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന് മുഖ്യമന്ത്രി ചോദിക്കുന്നത്.
ദുരന്തമുഖത്ത് നേരിട്ടെത്തേണ്ട ആവശ്യമുണ്ടോ എന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ ആവശ്യമില്ല എന്ന് പറഞ്ഞു എന്ന ന്യായീകരണം ഒരു ഭരണാധികാരിക്കും ചേർന്നതല്ല. മുൻകാല ദുരന്തങ്ങളുടെ സമയത്ത് മുൻ മുഖ്യമന്ത്രിമാർ നിരാഹാരമിരിക്കുകയായിരുന്നോ എന്ന് ചോദിച്ചു കൊണ്ട് ഭരണാധികാരി എന്ന പദവിയുടെ അന്തസ്സിന് നിരക്കാത്ത വിലകുറഞ്ഞ പരിഹാസങ്ങളാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha

























