സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യതക്കുറവ് വിദ്യാർത്ഥികളുടെ മുന്നേറ്റത്തിന് തടസമാകരുത്; എ.ഐ ഡിവൈഡ് വലിയ വെല്ലുവിളിയെന്ന് മന്ത്രി എം. ലിജു

'എ.ഐ ഡിവൈഡ്' ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് സഹകരണ,എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എ.ഐ ഡിവൈഡ് ആണിത് . മുട്ടത്തറ കേപ്പ് (കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ) എഞ്ചിനീയറിംഗ് കോളേജിലെ 2022-26 ബാച്ചിന്റെ ഗ്രാജുവേഷൻ ഡേയും കോഴ്സ് പൂർത്തീകരണ ചടങ്ങുമായ 'ആരോഹൺ 26' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യതക്കുറവ് വിദ്യാർത്ഥികളുടെ മുന്നേറ്റത്തിന് തടസമാകരുത്. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെപ്പോലുള്ള വ്യക്തിത്വങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മാർക്കിനപ്പുറം പ്രതിസന്ധികളെ തരണം ചെയ്യാനും ഒരു ടീമിനെ നയിക്കാനുമുള്ള വൈകാരിക ബുദ്ധി, സാമൂഹിക ഇടപെടൽ ശേഷി എന്നിവയാണ് ഭാവിയിലെ വിജയത്തെ നിർണയിക്കുന്നത്.
കേപ്പ് സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മുട്ടത്തറ കോളേജിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി 'സെന്റർ ഓഫ് എക്സലൻസ്' ആക്കി മാറ്റാൻ സഹകരണ വകുപ്പ് വികസന പ്രൊജക്ട് തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























