ഇപ്പോൾ ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല, വരുമാനവും നിലച്ചു"; ആലപ്പുഴയിൽ തമാശ രൂപേണ മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി...

കേന്ദ്രമന്ത്രിയും പ്രശസ്ത നടനുമായ സുരേഷ് ഗോപി തനിക്ക് ഇപ്പോൾ ഉദ്ഘാടനച്ചടങ്ങുകളിലേക്ക് ക്ഷണം ലഭിക്കാറില്ലെന്നും അതുവഴിയുള്ള വരുമാനം നിലച്ചിരിക്കുകയാണെന്നും വ്യക്തമാക്കി. ആലപ്പുഴയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യം തമാശരൂപേണ പങ്കുവെച്ചത്.പണ്ട് ഒരുപാട് ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ കുറേക്കാലമായി ആരും വിളിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിൽ തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നും ദൈവം എന്ത് നിശ്ചയിക്കുന്നോ അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഉദ്ഘാടനം ഒരു തുടക്കമാകട്ടെയെന്നും, തനിക്ക് വീണ്ടും ഉദ്ഘാടകനായി എത്താൻ ഇത് വഴിയൊരുക്കട്ടെ എന്ന് അദ്ദേഹം സ്വയം ആശംസിക്കുകയും ചെയ്തു.മറ്റ് ജനപ്രതിനിധികൾക്കില്ലാത്ത ഒരു സവിശേഷത തനിക്കുണ്ടെന്നും സുരേഷ് ഗോപി വേദിയിൽ ഓർമ്മിപ്പിച്ചു. താൻ ജനിച്ചത് ആലപ്പുഴയിലാണെങ്കിലും കുട്ടിക്കാലത്ത് കൊല്ലത്താണ് പഠിച്ചതെന്നും, വിവാഹശേഷമാണ് തിരുവനന്തപുരത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ തനിക്ക് എംപി സ്ഥാനം നൽകി അനുഗ്രഹിച്ചത് തൃശൂർ ജനതയാണെന്നും, ഇത്രയും ജില്ലകളുമായി ഇത്രയേറെ ആത്മബന്ധമുള്ള മറ്റൊരു എംപിയോ എംഎൽഎയോ ഉണ്ടാകില്ലെന്നും അദ്ദേഹം സദസ്സിനോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























