യൂണിഫോമിനായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് ട്രെയിനി അറസ്റ്റില്‍

പത്തനംതിട്ടയില്‍ പൊലീസ് റിക്രൂട്ട് ട്രെയിനികളില്‍ നിന്ന് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ട്രെയിനിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഓണ്‍ലൈന്‍ ബെറ്റിംഗ് ഗെയിമില്‍ നിക്ഷേപിക്കുന്നതിനായാണ് ഇയാള്‍ ഈ തുക ഉപയോഗിച്ചത്. പത്തനംതിട്ട കെഎപി3 ബറ്റാലിയനിലെ ട്രെയിനി കൊല്ലം ചെമ്മക്കാട് ശരണ്യഭവനില്‍ ശംഭു ആര്‍ കൃഷ്ണനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് പേരൂര്‍ക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് യൂണിഫോമിനായി പിരിച്ച തുക ഓണ്‍ലൈന്‍ ബെറ്റിംഗ് ഗെയിമില്‍ നിക്ഷേപിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഏഴ് പേരടങ്ങുന്ന യൂണിഫോം കമ്മിറ്റിയിലെ അംഗമാണ് ശംഭു. എസ്എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികള്‍ക്ക് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമുള്ള പണം പിരിച്ചത് ശംഭുവാണ്. എന്നാല്‍ ഈ തുക സ്ഥാപനങ്ങളില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ട്രെയിനികള്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.
ഇയാള്‍ ഐആര്‍ബിയില്‍ ഉണ്ടായിരുന്നപ്പോള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്നും അവിടെനിന്ന് രാജിവച്ചാണ് കെഎപിയില്‍ ചേര്‍ന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha
























