കണ്ണൂർ ന്യൂമാഹിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഓവർടേക്കിംഗിനിടെ മുൻഭാഗം തകർന്നു, മുപ്പതോളം യാത്രക്കാർക്ക് പരിക്ക്

കണ്ണൂർ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും, കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസുമാണ് പുന്നോലിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ ഒരു ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പ്രയത്നിച്ചാണ് ബസിന്റെ ഭാഗങ്ങൾ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റ മുപ്പതോളം യാത്രക്കാരെ ഉടൻ തന്നെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടത്തിൽപ്പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
https://www.facebook.com/Malayalivartha
























