കുടിവെള്ള പദ്ധതിയുടെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

റോഡില്‍ കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. ചെമ്മാട് എക്‌സ്‌ചേഞ്ച് റോഡ് സ്വദേശിയും ചെമ്മാട് ടൗണിലെ ആദ്യകാല ചുമട്ടു തൊഴിലാളിയുമായ കുന്നത്തേരി മുസ്തഫ (61) ആണ് മരിച്ചത്.
ഓഗസ്റ്റ് പത്താം തീയതി രാത്രിയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വന്ന മകന്‍ സുഹൈബിനെ വിളിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 10:45ന് തിരൂരങ്ങാടി ചന്തപടിയിലെ റോഡിലെ കുഴിയില്‍ ബൈക്ക് മറിയുകയായിരുന്നു. അപകടത്തില്‍ മുസ്തഫയ്ക്കും മകനും പരിക്കേറ്റു. വഴിയിലൂടെപോയ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി രണ്ടുപേരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് മുസ്തഫ മരണപ്പെട്ടു. മകന്‍ ചികിത്സയിലാണ്. മുസ്തഫയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്‌മോര്‍ട്ടത്തിന് ശേഷം ചെമ്മാട് കരിപ്പറമ്പ് കൊട്ടുവലക്കാട് ജുമാ മസ്ജില്‍ വൈകുന്നേരം ഖബറടക്കും. ഭാര്യ ഖദീജ. മക്കള്‍: സുഹൈബ്, ഹബീബ്, ഷബീബ്, ഫാത്തിമ. മരുമക്കള്‍: നൗഷാദ് അലി, സുഹൈല.
https://www.facebook.com/Malayalivartha

























