നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് 42കാരി മരിച്ചു. ബുധനാഴ്ച കൊല്‍ക്കത്തയിലെ പ്രഫുല്ല കാനന്‍ മേഖലയിലാണ് സംഭവം. മകളെ സ്‌കൂളില്‍ വിട്ട് തിരിച്ചെത്തിയ ശേഷമാണ് 42കാരിയായ സുമിത്ര കാറുമായി പുറത്തേയ്ക്ക് ഇറങ്ങിയത്. എന്നാല്‍ പരിശീലനത്തിനിടെ കാറിന്റെ നിയന്ത്രണം വിട്ട് സമീപത്തെ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു. കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. സമീപത്തുണ്ടായിരുന്നവര്‍ സുമിത്രയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പിന്നാലെ അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാര്‍ പുറത്തെടുത്തത്. കാറിനകത്ത് നിന്നാണ് സുമിത്രയുടെ മൃതദേഹം കണ്ടെത്തിയത്.
സുമിത്രയുടെ ഭര്‍ത്താവ് കൃഷ്‌ണേന്ദു ദാസ് അടുത്തിടെയാണ് കാര്‍ വാങ്ങിയത്. ഓഗസ്റ്റ് 22നായിരുന്നു സുമിത്രയുടെ ഡ്രൈവിങ് ടെസ്റ്റ്. ഇതിനായി സുമിത്ര പരിശീലനം നടത്തുന്നുണ്ടായിരുന്നു. പരിശീലനത്തിനിടെ ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ ചവിട്ടിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























