ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി അമ്മയുമായി വഴക്കിട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്. പെണ്‍കുട്ടി ഷാള്‍ ഉപയോഗിച്ച് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ട പൊലീസ് പെണ്‍കുട്ടിയെ ഷാള്‍ മുറിച്ച് താഴെ ഇറക്കുകയും ഏഴു മിനിറ്റോളം സിപിആര്‍ നല്‍കുകയും ചെയ്തു. ചടയമംഗലം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ മനോജും ഹോം ഗാര്‍ഡ് ജ്യോതിയും ആണ് സംഭവസമയത്ത് ഉണ്ടായിരുന്നത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയാണ് ആയുര്‍ സ്വദേശിനിയായ 17 കാരിയും മാതാവും തമ്മില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തര്‍ക്കമുണ്ടായത്. മാതാവ് പൊലീസിന്റെ സഹായം തേടിയതിനെത്തുടര്‍ന്ന് എസ്‌ഐ മനോജും ഹോം ഗാര്‍ഡ് ജ്യോതിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ആ സമയം പെണ്‍കുട്ടി മുറിയുടെ കതക് അടച്ച് അകത്തിരിക്കുകയായിരുന്നു. എസ്‌ഐ കുട്ടിയോട് കതക് തുറക്കാന്‍ ആവശ്യപ്പെടുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
മാതാവുമായി എസ്‌ഐ സംസാരിച്ച് വിവരങ്ങള്‍ തിരക്കുന്ന സമയം മുറിക്കുള്ളില്‍ നിന്ന് ശബ്ദം കേട്ടു. തട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. തുടര്‍ന്ന് ജനല്‍ ചില്ല് പൊട്ടിച്ച് ടോര്‍ച്ച് അടിച്ചു നോക്കിയപ്പോള്‍ പെണ്‍കുട്ടി ഷാള്‍ ഉപയോഗിച്ച് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊലീസ് കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയും തൂങ്ങി നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഷാള്‍ മുറിച്ച് താഴെ ഇറക്കുകയും ചെയ്തു. ഏഴു മിനിറ്റോളം സിപിആര്‍ നല്‍കി. കുട്ടിക്ക് അനക്കം വച്ചപ്പോള്‍ പൊലീസ് ജീപ്പില്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha

























