ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു

ഭര്‍ത്താവിന്റെ വിയോഗത്തില്‍ അന്ത്യ ചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്നില്‍ വാഴയില്‍ കുര്യന്‍ ജോസഫ് (73), ഭാര്യ ഷേര്‍ലി കുര്യന്‍ (71) എന്നിവരുടെ വിയോഗമാണ് നാടിനെ കണ്ണീരിലാഴ്ത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കുര്യന്‍ ജോസഫിന്റെ മരണം. തുടര്‍ന്ന്, തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നതിനിടെ ഭൗതിക ശരീരം പള്ളിയിലേക്ക് എടുക്കുമ്പോഴായിരുന്നു സംഭവം.
ഭര്‍ത്താവിന് അന്ത്യ ചുംബനം നല്‍കി വിടപറയുന്നതിനിടയില്‍ ഷേര്‍ലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കുര്യച്ചന്റെ ഭൗതികശരീരം പള്ളിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം.
വ്യാപാരിയും കേരള കോണ്‍ഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റി അംഗവും പാലാ കൃഷിഭവന്‍ ഉപദേശക സമിതി അംഗവുമായിരുന്നു അന്തരിച്ച കുര്യന്‍ ജോസഫ്. എടത്വ പച്ചക്കവില്‍ കുടുംബാംഗമാണ് ഷേര്‍ലി. എയ്ഞ്ചല കുര്യന്‍, അന്ന കുര്യന്‍, അബി കുര്യന്‍ എന്നിവരാണ് മക്കള്‍. ഇരുവര്‍ക്കുമായുള്ള സംയുക്ത സംസ്‌കാര ചടങ്ങുകള്‍ പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളി സെമിത്തേരിയില്‍ നടക്കും. ഒരു ജീവിതകാലം മുഴുവന്‍ പങ്കുവച്ച പങ്കാളിയുടെ വിയോഗം താങ്ങാനാവാതെ ഷേര്‍ലിയുടെ മരണം കുടുംബത്തിനും ബന്ധുക്കള്‍ക്കും വലിയ വേദനയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























