ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്

ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാകിസ്ഥാന്‍ സുപ്രീംകോടതി. ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയ കോടതി 48 മണിക്കൂറിനുള്ളില്‍ ഖാനെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.
സെപ്തംബര്‍ 16വരെ അദ്ദേഹത്തിന് അവിടെ ചികിത്സതേടാന്‍ അനുവാദമുണ്ട്. ഖാന്റെ ആരോഗ്യനില വിലയിരുത്താന്‍ ഒരു മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും. ഇതില്‍ ഇമ്രാന്‍ ഖാന്റെ സഹോദരി ഡോ. അലീമ ഖാനെയും ഉള്‍പ്പെടുത്തു. ജയിലിലുള്ള ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തു വരുന്നില്ലെന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ നിരന്തരം പരാതിപ്പെട്ടിരുന്നു.
അഴിമതി ആരോപണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ 2023 മുതല്‍ അഡിയാലയിലെ ജയിലില്‍ കഴിയുകയാണ്. ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തെ പോലും അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























