ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ഓഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബര്‍ 13ന് 320 ഉം വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം സജ്ജീകരണമൊരുക്കും.
ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കാനായി ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കാനായി യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു. സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി ഓഗസ്റ്റ് 23, ഓഗസ്റ്റ് 30, സെപ്റ്റംബര്‍ 13 തീയതികളില്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും.
താലികെട്ടിനായി 6 മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാനായി ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂര്‍ണമായും വണ്‍ വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കുന്നതാണ്.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങേണ്ടതാണ്. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം.. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല.
വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കുകയുള്ളൂ. അഭൂതപൂര്‍വ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധുവരന്‍മാരുടെ കുടുംബാംഗങ്ങള്‍ പരമാവധി നിയന്ത്രിക്കേണ്ടതാണ്.
ക്ഷേത്രത്തില്‍ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ദര്‍ശനത്തിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര ദര്‍ശനത്തിന്നെത്തുന്ന ഭക്തര്‍ക്കും വിവാഹ ചടങ്ങിനെത്തുന്നവര്‍ക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. മഫ്ടിയില്‍ ക്ഷേത്രത്തിനകത്തും പൊലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാര്‍, സമൂഹ്യ വിരുദ്ധര്‍ എന്നിവരെ കര്‍ശനമായി അമര്‍ച്ച ചെയ്യാനായി പോലീസിന് യോഗം നിര്‍ദ്ദേശം നല്‍കി.
ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സി സി ടി വി ക്യാമറകള്‍ എല്ലാം അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കും. 24 മണിക്കൂറും സി സി ടി വി നിരീക്ഷണം ശക്തമാക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കും.
"
https://www.facebook.com/Malayalivartha

























