ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്ച

പിണറായി വിജയന്റെ വസതി റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് സമർപ്പിച്ച അപേക്ഷയിൽ വാദം തിങ്കളാഴ്ച കേൾക്കും.
പ്രതിഭാഗത്തിന് പോലീസ് അപേക്ഷയുടെ പകർപ്പ് നൽകി കൂടാതെ പൊലീസും അന്ന് റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കേസിൽ 16-ാം പ്രതിയുമായ ഐ.പി. ബിനു, ഒന്നാം പ്രതി നിഥിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ പ്രതികൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ, തുടർന്ന് അവിടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സ്റ്റേഷനിലെ ഊഞ്ഞാലാട്ടത്തിലും ചെണ്ടമേളത്തിലും പ്രതികൾ പങ്കാളികളായതോടെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കാണിച്ച് പൊലീസ് തന്നെ കോടതിയിൽ അപേക്ഷ നൽകിയത്.
മ്യൂസിയം സ്റ്റേഷൻ പരിസരത്ത് സജ്ജീകരിച്ചിരുന്ന ഊഞ്ഞാലിൽ ആടുകയും ചെണ്ടമേളത്തിൽ പങ്കാളികളാകുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്‌ത പ്രതികളുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ഇതിന് പിന്നാലെ, പ്രതികൾ സ്റ്റേഷനിൽ ആഘോഷം നടത്തിയത് കണ്ടുനിൽക്കുകയും ഇവരെ പിരിച്ചുവിടാൻ തയാറാകാതിരിക്കുകയും ചെയ്‌ത ജി.ഡി ചാർജുള്ള ഉദ്യോഗസ്ഥനടക്കം ആറ് പൊലീസുകാരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി സിറ്റി പോലീസ് കമ്മിഷണർ അരുൾ ബി. കൃഷ്‌ണ നടപടിയെടുത്തു. ഒപ്പിടാൻ എത്തിയ പ്രതികളെ അതിനുശേഷം സ്റ്റേഷനിൽനിന്ന് പറഞ്ഞുവിടുന്നതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സി.എം.ആർ.എൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇവർ. കേസിൽ ആകെ 26 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓണാഘോഷത്തിൻ്റെ ഭാഗമായി മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാർ വാങ്ങിയിരുന്ന അതേ ഡ്രസ് കോഡിന് സമാനമായ വസ്ത്രം ധരിച്ചാണ് ഐ.പി ബിനു അടക്കമുള്ളവർ എത്തിയതെന്നും ആരോപണമുണ്ട്. പാളയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്നും അറുപത്തഞ്ചോളം ഷർട്ടുകൾ സ്റ്റേഷനിലെ പൊലീസുകാർ വാങ്ങിയത് അന്വേഷണത്തിലേക്ക് വഴിതെളിച്ചിട്ടുണ്ട്.
സംഭവത്തിൽ എ.ഡി.ജി.പി പ്രഖ്യാപിച്ച അന്വേഷണത്തിന് പുറമെ പൊലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തിൽ ഡി.സി.പിയും തുടരന്വേഷണം നടത്തും. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രശാന്ത് പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് മുന്നിൽ വച്ചും ഐ.പി ബിനുവിനെ സ്റ്റേഷനുള്ളിൽ വച്ചും സംസാരിച്ചിരുന്നതായും റീൽസ് ചിത്രീകരണം നടക്കുമ്പോൾ ഇദ്ദേഹം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
"https://www.facebook.com/Malayalivartha























